SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.07 PM IST

പ്രണയം നിരസിച്ച ഗായികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതിക്ക് വിദേശത്ത് വേറെ ഭാര്യ

inder-kaur

ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആർട്ടിസ്റ്റുമായ ഇന്ദർ കൗറിനെ മരിച്ച നിലയിൽ കണ്ടെത്തി. യഷിന്ദർ കൗർ എന്നറിയപ്പെടുന്ന ഇരുപത്തിയൊമ്പതുകാരിയായ ഇന്ദർ കൗറിനെ ആറുദിവസം മുമ്പാണ് തട്ടിക്കൊണ്ടുപോയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ലുധിയാനയിലെ നീലോൺ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാനഡയിൽ ഭാര്യയുള്ള സുഖ്‌വീന്ദർ സിംഗിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തു.

കാനഡയിൽ സ്ഥിരതാമസമാക്കിയ മോഗ സ്വദേശിയായ സുഖ്‌വീന്ദർ സിംഗ് ഗായികയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. എന്നാൽ ഇയാൾക്ക് കാനഡയിൽ ഭാര്യയുണ്ടെന്ന വിവരമറിഞ്ഞതോടെ ഇന്ദർ കൗർ വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി കാനഡയിൽ നിന്നും പഞ്ചാബിലെത്തിയ സുഖ്‌വീന്ദർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഗായികയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ മേയ് 15-നാണ് ഇന്ദർ കൗറിനെ കാണാതാകുന്നത്. സഹോദരൻ ജോതീന്ദർ സിംഗിന്റെ പരാതിയിൽ പൊലീസ് അന്നുതന്നെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ സമയത്ത് അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. സുഖ്‌വീന്ദറും കൂട്ടാളികളും ചേർന്ന് ഗായികയെ വകവരുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയും തുടർന്ന് പ്രതി കാനഡയിലേക്ക് കടന്നുകളയുകയുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

പ്രധാന പ്രതി സുഖ്‌വീന്ദറിനെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവ് പ്രീതം സിംഗ്, കൂട്ടാളികളായ കരംജീത് സിംഗ്, രവീന്ദർ സിംഗ് എന്നിവരെ ജമാൽപൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടക്കുന്ന സമയത്ത് രവീന്ദർ പ്രതിക്കൊപ്പമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സമ്രാള സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, INDER KAUR, PUNJABI SINGER, DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY