SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ഇരിട്ടിയിലെ ഇ പ്ലാനറ്റ് ഷോറൂമിൽ മോഷണം, 18 ലക്ഷം രൂപയുടെ ഫോൺ കവർന്നു

moshanam
ഇലക്ട്രോണിക്‌സ് കടയുടെ മോഷ്ടാക്കൾ കുത്തിതുറന്ന ഷട്ടറിന്റെ ഭാഗം ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധിക്കുന്നു

ഇരിട്ടി: പയഞ്ചേരി മുക്കിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് വില്പനശാലയായ ഇ പ്ലാനറ്റിൽ വൻ കവർച്ച. 47ഐ ഫോണുകൾ അടക്കം 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ ഇവിടെ നിന്നും കവർന്നതായി കണക്കാക്കുന്നു. 40,000രൂപയും കവർന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ നടുഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കടയിൽ മോഷണം നടന്നതാണെന്ന് മനസ്സിലായതോടെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ 2.30നും 3.30നും ഇടയിലായി മോഷണം നടന്നതായാണ് നിരീക്ഷണക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഷോപ്പിനുള്ളിലെയും സമീപത്തെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്ന് പേരാണ് മോഷണത്തിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായി. മോഷ്ടാക്കളിൽ രണ്ട് പേർ മുഖംമൂടി ധരിച്ചിരുന്നതായും കണ്ടെത്തി. ഒരാളുടെ രൂപം വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടില്ല.

ഷട്ടറിന്റെ നടുഭാഗം വലിച്ച് ഓടിച്ചാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കടന്നത്. തുടർന്ന് പണം സൂക്ഷിക്കുന്ന കൗണ്ടറിനും തൊട്ടടുത്തുള്ള മൊബൈൽ വിൽപ്പന വിഭാഗത്തിലും എത്തിയശേഷം മൊബൈൽ ഫോണുകളുടെ കവറുകൾ തുറന്ന് ഫോണുകൾ മാത്രമാണ് മോഷണം നടത്തിയത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഐഫോണുകളും മറ്റുഫോണുകളുമാണ് മോഷണം പോയത്.

ഇലക്ട്രോണിക്‌സ് കടയുടെ മുന്നിലായി 24മണിക്കൂർ പ്രവർത്തിക്കുന്ന പെട്രോൾ പമ്പും ഹോട്ടലും ഉണ്ട്. ഷോപ്പിന് മുന്നിൽ ഓഫറുകൾ വാഗ്ദാനം നൽകിയ കമാനം സ്ഥാപിച്ചിരുന്നു. ഇതിനെ മറയാക്കിയാണ് ഷട്ടർ തകർത്തതെന്ന് സംശയിക്കുന്നു. മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു ബാഗ് മണത്ത് പൊലീസ് നായ തവക്കൽ കോംപ്ലക്സ് വരെ എത്തിയെങ്കിലും പിന്നിട് തിരിച്ചു വന്നു. മോഷ്ടിച്ച ഫോണുകളുമായി കവർച്ചാ സംഘം ഇരിട്ടി ടൗൺ ഭാഗത്തേക്കാണ് നീങ്ങിയതെന്ന് സംശയിക്കുന്നു. ഇരിട്ടി ഡിവൈ.എസ്.പി പി. രാജേഷ്, സി.ഐ വി. സിജിത്ത്, എസ്.ഐ കെ. ഷറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ROBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY