SignIn
Kerala Kaumudi Online
Saturday, 16 May 2026 1.35 AM IST

ജനങ്ങളെ വഴിയിൽ തടയരുത്; പൈലറ്റ് വാഹനം മതി:സതീശൻ

ravada

ഇസഡ്-പ്ളസ് സുരക്ഷ തുടരുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: മുഖ്യമന്ത്രിയാവുന്ന വി.ഡി.സതീശനും ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ തുടരാൻ പൊലീസ്. എസ്.പി.ജി സുരക്ഷ കഴിഞ്ഞാൽ, രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയായ ഇസഡ്-പ്ലസ് സംസ്ഥാനത്ത് ഗവർണർക്കും മുഖ്യമന്ത്രിക്കുമാണുള്ളത്. യാത്രകളിലും ചടങ്ങുകളിലും കമാൻഡോകളും 25സായുധ സേനാംഗങ്ങളുമടക്കം 55സുരക്ഷാ ഉദ്യോഗസ്ഥരാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂബുക്ക് പ്രകാരം വേണ്ടത്. തനിക്ക് പൈലറ്റ് വാഹനം മാത്രം മതിയെന്നാണ് സതീശൻ, ഡി.ജി.പി റവാഡ ചന്ദ്രശേഖറിനോട് നിർദ്ദേശിച്ചത്. എന്നാൽ എസ്കോർട്ട് വാഹനങ്ങൾ ഒഴിവാക്കാനാവില്ലെന്നാണ് ഡിജിപിയുടെ നിലപാട്.

പിണറായി വിജയന്റെ വാഹനവ്യൂഹത്തിൽ 14ലേറെ വാഹനങ്ങളുണ്ടായിരുന്നു.

ഇത്രയും സുരക്ഷ വേണോയെന്ന് ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഇന്റലിജൻസ് മേധാവിയും ഐ.ബി ഡെപ്യട്ടി ഡയറക്ടറുമടങ്ങിയ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി പരിശോധിക്കും. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ ഈ കാറ്റഗറി തുടരേണ്ടി വരും. ഇസഡ്-പ്ലസ് സുരക്ഷപ്രകാരം പരിപാടികളിലും യാത്രകളിലും ജനം 200മീ​റ്റർ അകലെയായിരിക്കണം. വാഹനവ്യൂഹം പോവുന്ന റോഡിലേക്കുള്ള ചെറുവഴികളടക്കം അടയ്ക്കണം. വാഹന പാർക്കിംഗ് അനുവദിക്കില്ല. യോഗസ്ഥലം 2 മണിക്കൂർ മുൻപ് പൊലീസ് നിയന്ത്രണത്തിലാക്കണം. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളായും തുടരണം. ഇതൊന്നും പറ്റില്ലെന്നാണ് സതീശന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ യാത്ര കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് ഡിജിപിക്ക് സതീശൻ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്ക് കടന്നുപോവാൻ ജനങ്ങളെ വഴിയിൽ തടയരുത്. റോ‌ഡ് അടച്ചിടരുതെന്നും സിഗ്നൽ ലൈറ്റുകൾ ഓഫാക്കരുതെന്നും നിർദ്ദേശിച്ചു.പിണറായി വിജയന് സഞ്ചരിക്കാനായി വാങ്ങിയിരുന്ന കറുത്ത ഇന്നോവയും കിയ കാർണിവലും പൊലീസ് തിരിച്ചെടുത്തു. വെള്ള ഇന്നോവയിലായിരിക്കും സതീശന്റെ യാത്ര.

'അകമ്പടി വാഹനങ്ങൾ വേണ്ടെന്നാണ് വി.ഡി.സതീശൻ ആവശ്യപ്പെട്ടത്. പക്ഷേ ചട്ട പ്രകാരമുള്ള സുരക്ഷ ഒഴിവാക്കാനാവില്ല. ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നടപ്പാക്കും''

-റവാഡ ചന്ദ്രശേഖർ

പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA