SignIn
Kerala Kaumudi Online
Friday, 15 May 2026 1.37 PM IST

കാനകൾ ക്ളിയറാക്കി യന്ത്രഭീമൻ; തോരാമഴയിലും മുങ്ങാതെ കൊച്ചി

pic1

കൊച്ചി: ഒറ്റ മഴയിൽ മുങ്ങാറുള്ള കൊച്ചി നഗരത്തിൽ രണ്ടു ദി​വസം കനത്ത മഴപെയ്തിട്ടും ഇക്കുറി വെള്ളക്കെട്ടില്ല. കോർപ്പറേഷൻ പരീക്ഷിച്ച അത്യാധുനിക സക്ഷൻ കം ജെറ്റിംഗ് മെഷീനാണ് തുണയായത്​. എട്ട് കോടിയിലേറെ രൂപ വില വരുന്ന കൂടുതൽ ശേഷി​യുള്ള മറ്റൊരു മെഷീൻ ​ സർക്കാർ വാങ്ങി​ കോർപ്പറേഷന് നൽകാനും തീരുമാനമായി. ഓപ്പറേഷൻ ബ്രേക്ക് ത്രൂ, കനാൽ നവീകരണ പദ്ധതികൾക്ക് ഇത് കരുത്താകും.

എം.ജി റോഡിലെ കാനകളിൽ മൂന്നടിയോളം കനത്തിൽ കോൺക്രീറ്റുപോലെ ഉറച്ചുകിടന്ന മാലിന്യമെല്ലാം യന്ത്രം നിഷ്പ്രയാസം നീക്കം ചെയ്തിരുന്നു. രണ്ടാഴ്ചയോളം വൈകിട്ട് ഏഴു മുതൽ പുലർച്ചെ മൂന്ന് വരെയായിരുന്നു ദൗത്യം.

കാനയുടെ ഒന്നോ രണ്ടോ സ്ലാബ് ഇളക്കി വലിയ പൈപ്പിലൂടെ ശക്തിയായി വെള്ളം പമ്പ് ചെയ്തശേഷമാണ് മാലിന്യം വലിച്ച് യന്ത്രത്തിന്റെ ടാങ്കിലെത്തിക്കുന്നത്. ഇതിലെ ജലം വേർതിരിച്ച് വീണ്ടും കാനയിലേക്ക് പമ്പുചെയ്യും. 12,000 ലിറ്ററാണ് ടാങ്കിന്റെ സംഭരണശേഷി. ഹോട്ടലുകളിൽനിന്നുള്ള എണ്ണ കലർന്ന ഭക്ഷ്യമാലിന്യം, ചെളി, പ്ലാസ്റ്റിക് കുപ്പി, തുണി, ഫ്ളക്സ് എന്നിവയെല്ലാം നീക്കംചെയ്തു. മാലിന്യം കോർപ്പറേഷന്റെ യാർഡിലേക്കാണ് മാറ്റുന്നത്.

15 മീറ്ററിലേറെ ഉള്ളിലുള്ള മാലിന്യംവരെ 4-6 ഇഞ്ച് പൈപ്പിലൂടെ വലിച്ചെടുക്കും. എൻജിനിയർമാർ ഉൾപ്പെടെ വിദഗ്ദ്ധസംഘം ചെന്നൈ നഗരത്തിൽ പോയി മാലിന്യം നീക്കം ചെയ്യുന്നതു കണ്ടശേഷമാണ് കൊച്ചിയിലേക്ക് വാങ്ങാൻ തീരുമാനിച്ചത്. ഏഴു കോടി രൂപയ്ക്കാണ് മഹാരാഷ്ട്രയിൽ നിർമ്മിച്ച യന്ത്രം കൊച്ചി സ്മാർട്ട് സിറ്റി മിഷൻ വാങ്ങിയത്. ടെക്നോളജി വിദേശത്തേതാണ്.

#സർക്കാർ പിന്തുണ

വെള്ളക്കെട്ട് പരിഹരിക്കാനുള്ള നഗരസഭയുടെ എല്ലാ ശ്രമങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും പൂർണ പിന്തുണയുണ്ട്. മന്ത്രി പി. രാജീവ്, തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷും എന്നിവരും ഒപ്പമുണ്ട്. കളക്ടർ, പൊലീസ്, ഫയർഫോഴ്‌സ്, പി.ഡബ്ലിയു.ഡി, ജി.സി.ഡി.എ, റെയിൽവേ എന്നിവ ഉൾപ്പെട്ട ഏകോപിത പ്രവൃത്തിയാണ് ഫലം കാണുന്നത്.
അഡ്വ.എം. അനിൽ കുമാർ
കൊച്ചി മേയർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA