SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

ഭരണം നിയന്ത്രിക്കാൻ പ്രതിപക്ഷ കാലത്തെ അദൃശ്യർ: റിജിൽ മാക്കുറ്റി

rijil
റിജിൽ മാക്കുറ്റി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ റിജിൽ മാക്കുറ്റി. പ്രതിപക്ഷത്തിരുന്ന പത്ത് വർഷക്കാലം മഷിയിട്ട് നോക്കിയാൽ കാണാതിരുന്നവർ ഇന്ന് ഭരണം നിയന്ത്രിക്കാൻ മുന്നിൽ നടക്കുന്ന കാഴ്ച കാണേണ്ടിവരുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യു.ഡി.എഫിന്റെ മഹാഭൂരിപക്ഷ വിജയം പ്രസ്ഥാനത്തിനുവേണ്ടി ത്യാഗം സഹിച്ചവരുടെ അധ്വാനഫലമാണെന്ന് ചൂണ്ടിക്കാട്ടിയ റിജിൽ, പുതിയ അധികാരകേന്ദ്രങ്ങൾ കടന്നുവരുമ്പോൾ ആ ത്യാഗികളെല്ലാം കർട്ടന്റെ പുറകിലേക്ക് സ്വയം മാറ്റപ്പെടുന്ന യാഥാർത്ഥ്യം വേദനയോടെ അടയാളപ്പെടുത്തി. പ്രസ്ഥാനത്തിനുവേണ്ടി പണിയെടുത്ത്, തല്ലുകൊണ്ട്, ജയിലിൽ കിടന്ന്, എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കൾ പാർട്ടിയിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തവണ നിയമസഭയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും എന്നാൽ അവസരം ലഭിക്കാതിരുന്നതായും റിജിൽ വ്യക്തമാക്കി. കേരള ഭരണകൂടത്തിൽ യുവജനകായിക മന്ത്രിയായ ഒ.ജെ. ജനീഷിനൊപ്പം മുൻ കേന്ദ്രമന്ത്രി എ.കെ. ആന്റണിയെ സന്ദർശിച്ച അവസരത്തിൽ, ഇത്തവണ റിജിൽ നിയമസഭയിൽ ഉണ്ടാകണമെന്ന് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നെന്ന് ആന്റണി പ്രസ്താവിച്ചത് ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
എന്നാൽ സീറ്റ് ലഭിക്കാതിരുന്നതിന്റെ പേരിൽ പാർട്ടിക്കകത്ത് ഒരു കലഹവും ഉണ്ടാക്കിയിട്ടില്ലെന്ന് റിജിൽ ഊന്നിപ്പറഞ്ഞു. ഇരുപത് വർഷമായി എൽ.ഡി.എഫ് മാത്രം വിജയിക്കുന്ന കണ്ണൂർ കോർപ്പറേഷനിലെ ആദി കടലായി ഡിവിഷനിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ ചരിത്രം അദ്ദേഹം അനുസ്മരിച്ചു.
അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച റിജിൽ, ഒന്നുമാകാതെ കടന്നുപോയ ആയിരങ്ങളെ ഓർക്കുമ്പോൾ തനിക്ക് ലഭിച്ചത് ഭാഗ്യമാണെന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CONGRES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL