തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഏജീസ് ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഇറക്കിക്കൊണ്ടുപോയി. സംഘർഷം പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
വൈകുന്നേരം നാലരയോടെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപമുള്ള ഏജീസ് ഓഫീസിന്റെ പ്രധാന കവാടത്തിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിലുള്ള 60ഓളം പ്രവർത്തകർ ഗേറ്റ് തുറന്ന് ഓഫീസ് വളപ്പിൽ പ്രവേശിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
പെൺകുട്ടികളടക്കം ബാരിക്കേഡ് ചാടിക്കടന്നു. ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു. ഉന്തും തള്ളുമായതോടെ ജലപീരങ്കി പ്രയോഗമായി. ചില എസ്.എഫ്.ഐ പ്രവർത്തകർ കൊടിയുമായി മതിലിന് മുകളിൽ കയറി. ഇവർ ഓഫീസ് വളപ്പിലേക്ക് ചാടിയതോടെ പുറത്തുനിന്ന പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് ഗേറ്റ് തള്ളിത്തുറന്ന് ഓഫീസ് വളപ്പിലെത്തി.
ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചവരെ പൊലീസ് ഷീൽഡ് ഉപയോഗിച്ച് പ്രതിരോധിച്ചു. പ്രവർത്തകർക്ക് ചുറ്റും പൊലീസ് വലയം തീർത്തു. നേതാക്കൾ ഇടപെട്ട് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ അരുൺഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ഓഫീസ് കോമ്പൗണ്ടിൽ കുത്തിയിരിപ്പ് പ്രതിഷേധമായി. പ്രവർത്തകനെ വിട്ടയക്കണമെന്ന മുദ്രാവാക്യവുമായി തൊട്ടടുത്തുള്ള കന്റോൺമെന്റ് സ്‌റ്റേഷനിലേക്കും പ്രതിഷേധം വ്യാപിച്ചു. സ്‌റ്റേഷന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. പിന്നീട് അരുൺ ഷിബുവിനെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദൻ സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ടുപോയതോടെ കന്റോൺമെന്റ് സ്റ്റേഷന് മുന്നിലെ സംഘർഷ സാഹചര്യം അയയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |