
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒരു അദ്ധ്യാപികയെ കൂടി സി.ബി.ഐ അറസ്റ്റു ചെയ്തു. പൂനെ സ്വദേശിയായ ബയോളജി പ്രൊഫസർ മനീഷ ഗുരുനാഥ് മന്ഥാരയാണ് ശനിയാഴ്ച അറസ്റ്റിലായത്. മനീഷയെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബയോളജി അദ്ധ്യാപികയായ മനീഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ വർഷത്തെ നീറ്റ് യു,ജി പരീക്ഷയ്ക്കായി ചുമതലപ്പെടുത്തിയ അദ്ധ്യാപകരിൽ ഒരാളെന്നാണ് വിവരം. സുവോളജി, ബോട്ടണി ചോദ്യപേപ്പറുകൾ തയ്യാറാക്കിയ പാനലിലെ അംഗമാണ് അദ്ധ്യാപിക. പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവരാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു.
ഏപ്രിൽ ആദ്യവാരം കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ വാഗ്മാരെ വഴി ഇവർ ചില കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകിയിരുന്നു. പൂനെയിലെ വീട്ടിൽ വച്ചാണ് ചില കുട്ടികൾക്ക് നീറ്റ് പരിശീലനം നൽകിയിരുന്നത്. തുടർന്ന് ഇവർക്ക് ബോട്ടണി, സുവോളജി വിഷയങ്ങളിൽ വരാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും പ്രത്യേകം നൽകി. ഈ ചോദ്യങ്ങളെല്ലാം നീറ്റ് പരീക്ഷയ്ക്ക് ആവർത്തിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണിയെയും കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എൻ.ടി,എ ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയിലെ അംഗമായിരുന്ന കുൽക്കർണിയും സമാന രീതിയിൽ ചോദ്യങ്ങൾ ചോർത്തി നൽകിയതായാണ് സി.ബി.ഐ കണ്ടെത്തിയത്. കേസിൽ ഇതുവരെ ഒൻപതുപേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |