SignIn
Kerala Kaumudi Online
Monday, 18 May 2026 9.31 PM IST

സംസ്ഥാനത്തുടനീളം അമ്മ കാന്റീനുകൾ നവീകരിക്കും; ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

vijay

ചെന്നൈ: സംസ്ഥാനത്തെ അമ്മ കാന്റീനുകൾ നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അമ്മ കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ഉറപ്പാക്കാനും വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇവിടെ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും തൃപ്തികരമല്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കുപിന്നാലെയായിരുന്നു നിർദേശം.

2011-16ലെ 2011-16 എഐഎഡിഎംകെ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്തുടനീളം അമ്മ കാന്റീനുകൾ പ്രവർത്തനം ആരംഭിച്ചത്. 2013 ഫെബ്രുവരി 24ന് അന്നത്തെ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജന്മദിനത്തിൽ ചെന്നൈ നഗരത്തിലാണ് അമ്മ കാന്റീൻ ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുകയായിരുന്നു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനു കീഴിൽ 383 അമ്മ കാന്റീനുകളും സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 237 കാന്റീനുകളും പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ വി‌ജയത്തിന് പിന്നിൽ സോഷ്യൽ മീഡിയയും കുട്ടികളുമാണെന്ന മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രസ്‌താവന ചർച്ചയായി. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കുട്ടികളെയും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെ സർക്കാർ തുടങ്ങിവച്ച ക്ഷേമപദ്ധതികളിൽ പലതും ടിവികെ സർക്കാർ നിലനിർത്തിയിട്ടുണ്ട്. ഇത് പാർട്ടിയുടെ നയങ്ങൾ ഇപ്പോഴും സംസ്ഥാന ഭരണത്തിൽ അനിവാര്യമാണ് എന്നതിന്റെ തെളിവാണിതെന്നും സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഡിഎംകെ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ജാഗ്രത പാലിക്കുമെന്നും വോട്ടർമാരിലേക്ക് ഫലപ്രദമായ രീതിയിൽ എത്താൻ സാധിക്കുന്ന സോഷ്യൽമീഡിയ സാങ്കേതിക രീതികൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണപദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, VIJAY, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360