SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.09 PM IST

ബാഗ് പിടിക്കാനറിയാമോ? കൈനിറയെ സമ്പാദിക്കാം; വിദ്യാഭ്യാസ യോഗ്യതയില്ല, പുത്തൻ ആശയവുമായി യുവാക്കൾ

bag

ഷോപ്പിംഗിനുപോകാൻ ആവേശമാണെങ്കിലും ബാഗുകളും ചുമന്നുള്ള ദീർഘനേരത്തെ നടത്തം ആലോചിക്കുമ്പോൾ പിന്നോട്ട് വലിയുന്നവരാണ് പലരും. അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയാണ് ഡൽഹിയിലെ ഒരു സ്റ്റാർട്ടപ്പ്. 'കാരിമെൻ' എന്ന പേരിലാണ് ഈ പുത്തൻ സേവനം ലഭ്യമാകുന്നത്. ജോലിയില്ലാതെ വിഷമിക്കുന്നവർക്കുമുന്നിൽ ഒരു വരുമാനമാർഗംകൂടി തുറന്നിടുകയാണ് ഈ സേവനം.

'നിങ്ങൾ ഷോപ്പിംഗ് ചെയ്യൂ, ഞങ്ങൾ ബാഗ് ചുമക്കാം' എന്നതാണ് ഇതിനുപിന്നിലെ ആശയം. ഡൽഹി സ്വദേശികളായ രണ്ട് യുവാക്കളാണ് ഇതിനുപിന്നിൽ. ഷോപ്പിംഗിന്റെ സന്തോഷം പലപ്പോഴും ഇല്ലാതാക്കുന്നത് അതിനൊപ്പമുള്ള അസ്വസ്ഥതയാണെന്ന അവരുടെ തിരിച്ചറിവാണ് ഇതിലേക്ക് നയിച്ചത്. 'പത്ത് ബാഗുകൾ പിടിച്ച് തിരക്കേറിയ മാർക്കറ്റിലൂടെ നടക്കുമ്പോൾ ആരും ഷോപ്പിംഗ് ആസ്വദിക്കില്ല, ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാൻ നിൽക്കുമ്പോൾ ഈ ബാഗുകൾ എവിടെ വയ്‌ക്കുമെന്ന ആശങ്കയാകും ആളുകളെ അലട്ടുന്നത്'- സ്റ്റാർട്ടപ്പിന്റെ പ്രതിനിധി പറയുന്നു.

മണിക്കൂറിന് 149 രൂപ മുതലാണ് ഈ സേവനം ലഭ്യമാകുന്നത്. മാർക്കറ്റിൽ സാധനം വാങ്ങാനെത്തുന്ന ഉപഭോക്താവിനൊപ്പം പരിശീലനം നേടിയ ഒരു അസിസ്റ്റന്റ് മുഴുവൻ സമയവും ഉണ്ടാകും. ഷോപ്പിംഗ് ബാഗുകൾ ചുമക്കൽ, കടകൾ കണ്ടെത്താൻ സഹായിക്കൽ, ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കൽ തുടങ്ങിയവയാണ് ഇവർ നൽകുന്ന സേവനങ്ങൾ. പാർക്കിംഗ് ഏരിയവരെയും ഈ സേവനം ലഭ്യമാകും. ചുരുക്കിപറഞ്ഞാൽ ഒരു ഫ്രീഹാൻഡ് ഷോപ്പിംഗ് അനുഭവമായിരിക്കും ലഭിക്കുന്നത്. ഗർഭിണികൾ, ചെറിയ കുട്ടികളുമായെത്തുന്ന അമ്മമാർ‌, വയോധികർ തുടങ്ങിയവർക്കാകും ഈ സേവനം കൂടുതൽ ഗുണകരമാകുന്നത്.

ഈ വർഷം ഏപ്രിൽ മാസത്തിലാണ് സ്റ്റാർട്ടപ്പ് സേവനം ആരംഭിച്ചത്. സേവനം ഉപയോഗപ്പെടുത്തുന്നവരിൽ അധികവും മുതിർന്ന സ്‌ത്രീകളാണെന്നതാണ് കൗതുകകരമായ കാര്യം. ഇവർക്ക് ക്ഷീണം തോന്നുമ്പോൾ ഇരിക്കാനായി ഒരു മടക്കുകസേരയും കമ്പനി നൽകുന്നുണ്ട്. വെയിലിൽ നിന്ന് സംരക്ഷിക്കാൻ കുട, ഫോൺ ചാർജ് ചെയ്യുന്നതിനുള്ള പവർബാങ്ക്, കുടിവെള്ളം തുടങ്ങിയവയും സേവനത്തിന്റെ ഭാഗമാണ്.

12 കിലോ വരെയാണ് ഒരാൾ ചുമക്കുന്നത്. സാധനങ്ങളുടെ ഭാരം അതിലധികമാണെങ്കിൽ മറ്റൊരു അസിസ്‌റ്റന്റിനെക്കൂടി ബുക്ക് ചെയ്യാം. സേവനം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ 50 ബുക്കിംഗുകൾ ലഭിച്ചു. വലിയ രീതിയിലുള്ള മാർക്കറ്റിംഗ് കാമ്പെയിനുകൾ ഇല്ലാതെ ആളുകൾ പറഞ്ഞറിഞ്ഞാണ് ആശയം കൂടുതൽ പ്രചരിച്ചത്. ഇപ്പോൾ പ്രധാനമായും ലജ്‌പത് നഗർ മേഖലയിലാണ് സേവനം ലഭ്യമാകുന്നത്. മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS, STARTUP, SHOPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360