ഏതാനും ദിവസങ്ങൾക്ക് മുമ്പ് അയർലൻഡ് സർവകലാശാലയിലെ മ്യൂസിക്കോളജി ഡിപ്പാർട്ട്മെന്റിലെ അംഗങ്ങളുമായുള്ള ഓൺലൈൻ മീറ്റിംഗിനിടെ ഒരു സന്തോഷവാർത്ത മൃദംഗ വിദ്വാൻ എരിക്കാവ് എൻ. സുനിലിനെ തേടിയെത്തി. തന്റെ പുസ്തകമായ 'റിസൗണ്ടിംഗ് മൃദംഗം" യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു എന്നുള്ള വാർത്ത അഭിമാനത്തോടെയാണ് ഐ.ടി വിദഗ്ദൻ കൂടിയായ സുനിൽ കേട്ടത്. നാലാം വയസിൽ ഒപ്പം കൂടിയ മൃദംഗം ഇപ്പോൾ അദ്ദേഹത്തിന്റെ ഹൃദയതാളമാണ്. ഹരിപ്പാടിന് അടുത്തുള്ള എരിക്കാവ് എന്ന കൊച്ചുഗ്രാമത്തിൽ നിന്നും മൃദംഗ പഠനമെന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഇപ്പോൾ ചേങ്കോട്ടുകോണത്ത് കുടുംബത്തോടൊപ്പമാണ് താമസം.
താളത്തിന്റെ മികവ്
കൈയിൽ കിട്ടുന്നതെന്തിലും താളം പിടിക്കുക എന്നത് കുഞ്ഞുനാളിലെ സുനിലിന്റെ വിനോദമായിരുന്നു. താളത്തോടുള്ള മകന്റെ താത്പര്യം മനസിലാക്കിയ മാതാപിതാക്കൾ കുഞ്ഞുസുനിലിനെ മൃദംഗം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറുവർഷത്തോളം ഹരിപ്പാടിൽ തന്നെയുള്ള കൃഷ്ണപ്പാ ഭാഗവതരുടെ ശിക്ഷണത്തിൽ സംഗീതത്തിന്റെ ആദ്യ പടികൾ ചവിട്ടി തുടങ്ങി. ഭാഗവതരുടെ പ്രയാധിക്യത്തോടെ എം.എസ്. രാജുമാഷിന്റെ അടുക്കലായി തുടർപഠനം. കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ സംസ്ഥാനതല യുവജനോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ സുനിൽ അപ്പോഴേക്കും മൃദംഗ വായനയെ ഗൗരവമായി കാണാൻ തുടങ്ങിയിരുന്നു. മൃദംഗചക്രവർത്തിയായ മാവേലിക്കര വേലുക്കുട്ടിനായർ മാഷിന്റെയടുക്കൽ പഠനം നടത്തണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് എത്തിച്ചു.
പ്രീഡിഗ്രിക്ക് മാർ ഇവാനിയോസ് കോളേജിൽ ചേർന്നുകൊണ്ട് മൃദംഗ പഠനവും കച്ചേരികളും തുടർന്നു. പിന്നീട്, അതേ കോളേജിൽ തന്നെ ബി.എസ്സി ഫിസിക്സിൽ ബിരുദത്തിന് ചേർന്നു. തുടർച്ചയായി നാലുവർഷം കേരള സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം, വിശാഖപട്ടണത്ത് നടന്ന ദക്ഷിണമേഖല സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം സമ്മാനം, 1995 ൽ കർണാടകയിൽ ഗുൽബർഗയിൽ നടന്ന ദേശീയ സർവകലാശാല യുവജനോത്സവത്തിൽ മൃദംഗത്തിന് സ്വർണ മെഡൽ തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ ലഭിച്ചു. കേവലം ഇരുപതാം വയസിൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി ക്ഷണം ലഭിച്ചത് ഇപ്പോഴും അദ്ദേഹത്തിന് അതിശയകരമായ ഓർമയാണ്. ചെമ്പൈ ട്രസ്റ്റ് അവാർഡ്, ചൈതന്യശ്രീ പുരസ്കാരം, കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, വകുപ്പിന്റെ തന്നെ സീനിയർ സ്കോളർഷിപ്പ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇന്ദീവരം കൾച്ചറൽ ട്രസ്റ്റ് " എന്ന സാംസ്കാരിക സംഘടനയുടെ അമരക്കാരനാണ് സുനിൽ. കർണ്ണാടക സംഗീതരംഗത്തെ മഹാവിദ്വാൻമാരായ ടി.വി ശങ്കരനാരായണൻ, നെയ്യാറ്റിൻകര വാസുദേവൻ, പ്രൊഫ. മാവേലിക്കര പ്രഭാകരവർമ്മ, പ്രൊഫ. പാറശ്ശാല പൊന്നമ്മാൾ, മധുരൈ ജി.എസ് മണി, ഡോ. കെ. ഓമനക്കുട്ടി തുടങ്ങിയ നിരവധി പ്രഗത്ഭരുടെ കച്ചേരികൾക്ക് മൃദംഗവാദനം നടത്തിയിട്ടുണ്ട്.
സംഗീതത്തിൽ നിന്നും കംപ്യൂട്ടറിലേക്ക്
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ എം.സി.എ പഠിക്കുന്ന കാലം മുതൽ പിന്നീട് 14 വർഷത്തേക്ക് വിധികർത്താവായി തുടർന്നു. സംഗീത കോളേജിൽ പഠിക്കാൻ ആഗ്രഹിച്ച, പഠനത്തിൽ മിടുക്കനായ സുനിലിനെ ഗുരുനാഥൻ വേലുക്കുട്ടി നായരാണ് മറ്റു വിഷയങ്ങളിൽ തുടർപഠനം നടത്താൻ പ്രേരിപ്പിച്ചത്. ഇപ്പോൾ തിരിഞ്ഞാലോചിക്കുമ്പോൾ അതായിരുന്നു ഉചിതമായ തീരുമാനമെന്നുള്ള തിരിച്ചറിവാണ് അദ്ദേഹത്തിന്. പഠനം കഴിഞ്ഞ് ഏഷ്യാനെറ്റ് ഇന്റർനെറ്റ് വിഭാഗത്തിൽ എൻജിനിയറായി തന്റെ തൊഴിൽ ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 'ഏണസ്റ്റ് ആൻഡ് യംഗ് " ഉൾപ്പെടെ ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ ഏകദേശം 19 വർഷത്തോളം ജോലി ചെയ്തു. ഇപ്പോൾ ഐ.ടി മേഖലയോട് വിട പറഞ്ഞ് മുഴുവനായും സംഗീത മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2014 ൽ മുതൽ ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റ് എന്ന ആദരവും അദ്ദേഹത്തിന് ലഭിച്ചു.
എട്ടു വർഷത്തെ പരിശ്രമം
ഐ.ടി മേഖലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ 'റിസൗണ്ടിംഗ് മൃദംഗം" എന്ന തന്റെ പുസ്തകത്തിനായുള്ള ഗവേഷണം തുടങ്ങിയിരുന്നു. എട്ട് അദ്ധ്യായങ്ങളായി തിരിച്ചിട്ടുള്ള പുസ്തകത്തിൽ സംഗീതത്തിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വിശ്വാസങ്ങളും വസ്തുതകളും, ഇന്ത്യൻ ശാസ്ത്രീയ സംഗീതം രണ്ടായി വേർതിരിച്ചതിന്റെ കാരണം, മൃദംഗത്തിന്റെ ഉത്ഭവം, വാദനശൈലി, ഘടന, ഫിസിക്സ്, ലയങ്ങളുടെയും താളങ്ങളുടെയും സമ്പ്രദായം എന്നിവയെപ്പറ്റിയെല്ലാം വിവരിക്കുന്നുണ്ട്. അവസാനത്തേതും ഏറ്റവും വലുതുമായ അദ്ധ്യായത്തിന് ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നു. ആധുനിക മൃദംഗ വാദനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന തഞ്ചാവൂർ നാരായണസ്വാമി അപ്പ മുതൽ 1950 വരെ ജനിച്ചിട്ടുള്ള 217 വിദ്വാൻമാരുടെ ജീവചരിത്രം പറയുന്നതാണ് ഈ അദ്ധ്യായം. ''മൃദംഗ വിദ്വാൻമാരുടെയെല്ലാം മക്കളും ചെറുമക്കളും അവരുടെ മക്കളുമായി സംവദിച്ചും ചർച്ചകൾ നടത്തിയും തയ്യാറാക്കിയതിനാൽ ഏറ്രവും കൂടുതൽ ആശ്രയം വേണ്ടി വന്ന അദ്ധ്യായമാണത്. മൃദംഗ വിദ്വാൻമാരുടെ ഇത്തരത്തിലുള്ള ഏകീകരണവും വിശദീകരണവും അടങ്ങിയ ഒരു പുസ്തകം മറ്റു ഭാഷകളിലൊന്നും ഇതുവരെ വന്നിട്ടില്ല."" സുനിൽ പറയുന്നു.
കേരള ഉൾപ്പടെയുള്ള നിരവധി സർവകലാശാലകളിൽ ഇതിനോടകം ഈ പുസ്തകം റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാൻ തുടങ്ങി. ആദ്യത്തെ നാല് അദ്ധ്യായങ്ങൾ സംഗീതം അറിയുന്നവർക്കും അറിയാത്തവർക്കും ഒരുപോലെ ഉപയോഗപ്രദമാണെന്ന് അദ്ദേഹം പറയുന്നു. ഇംഗ്ലീഷിൽ തയ്യാറാക്കിയിരിക്കുന്നതിനാൽ അന്തർദേശീയ തലത്തിൽ സംഗീത അദ്ധ്യാപകരും വിദ്യാർത്ഥികളും റെഫറൻസിനായി ഈ പുസ്തകം തിരഞ്ഞെടുത്തിരിക്കുകയാണ്. ലോകപ്രശസ്ത താളവാദ്യവിദ്വാനായ പ്രൊഫ. ട്രിച്ചി ശങ്കരനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. 'റിസൗണ്ടിംഗ് മൃദംഗം" ആമസോണിൽ ലഭ്യമാണ്. ബിരുദത്തിന് ഫിസിക്സ് തിരഞ്ഞെടുത്ത് പഠിച്ചതിനാലാണ് ശാസ്ത്രവും സംഗീതവും സംയോജിപ്പിച്ചുള്ള പുസ്തക രചന ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് അദ്ദേഹം പറയുന്നു. മൃദംഗത്തിനെപറ്റി ഇതിലും അധികം കാര്യങ്ങൾ പറയുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഈ മൃദംഗ വിദ്വാൻ. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ കെ. നാരായണപ്പണിക്കരും പരേതയായ റിട്ട. അധ്യാപിക വി. സരസ്വതിയമ്മയുമാണ് മാതാപിതാക്കൾ. അക്ഷകരശ്ലോകം വിദഗ്ദയായ ഭാര്യ ഇന്ദു ടെക്നോപാർക്കിലെ ക്വസ്റ്റ് ഗ്ലോബൽ എന്ന കമ്പനിയിലെ ടെക്നിക്കൽ ആർക്കിടെക്റ്റ് ആണ്. അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് സംഗീതലോകത്തേക്ക് കടന്ന മക്കളായ ഭഗത് സുനന്ദും ഭരത് സുനന്ദും തിരുവനന്തപുരം ലയോള സ്കൂളിലെ വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |