തിരുവനന്തപുരം: ലോകത്തെ മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണത്തിന് സ്കോളർഷിപ്പുകൾ. 100 ഗവേഷകരുടെ യാത്രാ, ജീവിത ചെലവുകൾക്കായി ഫെലോഷിപ്പ് ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിന്റെ മാനദണ്ഡം നിശ്ചയിക്കും. ഇതിന് പത്തു കോടി രൂപ
സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തി.
സിലിക്കൺവാലി അടക്കമുള്ള വ്യാവസായിക മേഖലകളുടെ വികസനത്തിന് സർവകലാശാലകൾ വലിയ പങ്കുവഹിച്ചതായും വ്യാവസായിക ബന്ധമുള്ള ഗവേഷണം നടത്തുന്ന വാഴ്സിറ്റികളുമായി കേരളത്തിലെ സർവകലാശാലകൾക്ക് സമ്പർക്കമുണ്ടാവണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിനായി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കും.
ഗവേഷണ ഫലത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദന പ്രക്രിയയിലേക്ക് മാറ്റും. ഇതിനായി അക്കാഡമിക് സ്ഥാപനങ്ങളോടു ചേർന്ന് വിജ്ഞാനോത്പന്നങ്ങൾ നിർമ്മിക്കാൻ ഗവേഷണ ഫണ്ട് രൂപീകരിക്കും. സാങ്കേതികവിദ്യയെ ഉത്പാദനത്തിന് ഉപയോഗപ്രദമാക്കാൻ വ്യവസായങ്ങളും സർവകലാശാലകളും ചേർന്ന് കമ്പനി രൂപീകരിക്കും. ഈ കമ്പനിയിൽ മൂലധന നിക്ഷേപത്തിന് ഈ ഫണ്ടുപയോഗിക്കും. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഈ തുക തിരിച്ചുപിടിക്കും. ഗവേഷണഫണ്ടിനായി പത്തു കോടി വകയിരുത്തി. വൈജ്ഞാനിക മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 14 കോടിയും. ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 19കോടി നൽകും.
തലശേരി ബ്രണ്ണൻ കോളേജിൽ
അക്കാഡമിക് കോംപ്ലക്സ്
അന്തരീക്ഷ ശാസ്ത്രം, തീരദേശ ആവാസ വ്യവസ്ഥ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ജീനോമിക് റിസർച്ച് എന്നിവയുടെ പഠനത്തിനായി കണ്ണൂർ സർവകലാശാലയിൽ കേന്ദ്രങ്ങൾ ആരംഭിക്കും. തലശേരി ബ്രണ്ണൻ കോളേജിൽ 30കോടിക്ക് അക്കാഡമിക് കോംപ്ലക്സ് വരും. നൈപുണ്യവികസനം ഉറപ്പാക്കാൻ അസാപ്പിന് 35 കോടി. അന്തർസർവകലാശാല അക്കാഡമിക് ഫെസ്റ്രിവൽ ഇക്കൊല്ലം തുടങ്ങും. സർവകലാശാല, കോളേജ് ഗസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം കൂട്ടും. ഗവ.കോളേജുകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 98.35കോടിയും, ഗവ.എൻജിനിയറിംഗ് കോളേജുകൾക്ക് 40.50 കോടിയും പോളിടെക്നിക്കുകൾക്ക് 43.20കോടിയും നീക്കിവച്ചു. സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചുള്ള എല്ലാ ഗവ. പോളിടെക്നിക്കുകളിലും മെറ്റീരിയൽ ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ കേന്ദ്രങ്ങൾ തുടങ്ങും. പിണറായിയിലെ എഡ്യൂക്കേഷൻ ഹബിൽ പോളിടെക്നിക് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |