മണ്ണാർക്കാട്: നാടിനെ പരിഭ്രാന്തിയിലാക്കി ദേശീയപാതയിലൂടെ ആനയുടെ ഓട്ടം. മൈലാംപാടം കാരാപാടത്ത് തടി വലിക്കാനെത്തിയ ആനയാണ് ഉച്ചക്ക് രണ്ടരയോടെ അക്ഷമ കാട്ടിയത്. ചൂട് സഹിക്കാനാകാത്തതോടെ ക്ഷമ നശിച്ച ആനയെ കുളിപ്പിക്കാനായി കുരുത്തിച്ചാലിലേക്ക് കൊണ്ടുപോയി. ഇതിനിടെ സമീപത്തുണ്ടായിരുന്ന സന്ദർശകരായ യുവാക്കൾ ബൈക്കിൽ നിന്നും ഹോൺ മുഴക്കിയതോടെ ആന കൂടുതൽ പരിഭ്രാന്തി പരത്തുകയായിരുന്നു. തുടർന്ന് കല്യാണകാപ്പ് ചുങ്കം വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച ആന മണ്ണാർക്കാട് എം.ഇ.എസ് കോളേജിന് സമീപമെത്തിയാണ് നിന്നത്. 12 കിലോമീറ്റർ ദൂരമാണ് ആന റോഡിലൂടെ ഓടിയത്. ഇതിനിടയിൽ ഒരു നാശനഷ്ടവും വരുത്തിയില്ല. സ്‌കൂൾ വിടുന്ന സമയമായതിനാൽ എല്ലാവരും ആശങ്കയിലായിരുന്നു. മൂന്നരയോടെ എം.ഇ.എസ് കോളേജിന് സമീപം കയറ്റത്തിൽ ആനയെ തളയ്ക്കുകയായിരുന്നു. വെള്ളം നനച്ചും ഭക്ഷണം നൽകിയും ആനയെ തണുപ്പിച്ചു. ആന ഇവിടെ നിലയുറപ്പിച്ചതോടെ ഒരു മണിക്കൂറോളം ഗതാഗത തടസപ്പെട്ടു. അര കിലോമീറ്റർ കൂടി ആന സഞ്ചരിച്ചിരുന്നെങ്കിൽ മണ്ണാർക്കാട് നഗരത്തിലേക്ക് പ്രവേശിക്കുമായിരുന്നു. ആനയെ തണുപ്പിക്കാനായി ഫയർഫോഴ്സിനെ വിളിച്ചെങ്കിലും അവർ വരാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആക്ഷേപമുന്നയിച്ചു.
പിന്നീട് കോളേജിന് സമീപം ആനയെത്തിയപ്പോഴേക്കും ഫയർഫോഴ്സ് വന്നെങ്കിലും നാട്ടുകാർ പ്രതിഷേധമുയർത്തി തിരിച്ചുവിടുകയായിരുന്നു. കൊണ്ടോട്ടി സ്വദേശിയുടെ 'മിനി' എന്ന പിടിയാനയാണ് പരിഭ്രാന്തി പരത്തിയത്.അതേസമയം ഇടഞ്ഞോടുന്ന ആനയെ പ്രതിരോധിക്കാൻ ഫയർഫോഴ്സിന് പരിമിതികളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവരമറിഞ്ഞപ്പോൾ തന്നെ ആന ഓടുന്ന ഭാഗത്തെത്തി ജനങ്ങളെ നിയന്ത്രിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വന്യജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ നിർദ്ദേശമില്ലാതെ നാട്ടുകാർ പറയുന്നതനുസരിച്ച് പ്രവർത്തിക്കാനാവില്ല.
നന്ദു കൃഷ്ണനാഥ്, സ്റ്റേഷൻ ഓഫീസർ, മണ്ണാർക്കാട് ഫയർ ഫോഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |