ന്യൂഡൽഹി: കഴിഞ്ഞദിവസം അന്തരിച്ച പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ് വലിയൊരു ക്രിക്കറ്റ് ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇന്ത്യൻ ടീം 2004ൽ പാകിസ്ഥാൻ പര്യടനം നടത്തിയത്. ഇതിനിടെ രസകരമായ ഒരു സംഭവവും നടന്നു.
അന്ന് ഇന്ത്യൻ നായകനായിരുന്ന സൗരവ് ഗാംഗുലി പാകിസ്ഥാനിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡായ കെബാബും തന്തൂരിയും കഴിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നു. ഇത് കയ്യോടെ പിടികൂടിയ അന്നത്തെ പാക് പ്രസിഡന്റ് മുഷാറഫ് ഗാംഗുലിയെ താക്കീത് ചെയ്യുകയും ചെയ്തു. 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന സ്വന്തം ആത്മകഥയിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ സുഹൃത്തുക്കൾ കബാബും തന്തൂരിയും കഴിക്കാൻ പ്ളാനിടുന്നതായി അർദ്ധരാത്രിയോടെയാണ് ഞാൻ മനസിലാക്കിയത്. ഗാവൽമന്തി എന്നാണ് സ്ഥലത്തിന്റെ പേര്. തന്നെ പോകാൻ അനുവദിക്കില്ലെന്ന് അറിയാമായിരുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചിരുന്നില്ല. ടീം മാനേജറായിരുന്ന രത്നാകർ ഷെട്ടിയോട് മാത്രമാണ് കാര്യം പറഞ്ഞത്. തുടർന്ന് മുഖം പകുതിയോളം മറയ്ക്കുന്ന തൊപ്പി ധരിച്ച് പിൻവശത്തെ വാതിലിലൂടെ പുറത്തേക്കിറങ്ങി. താൻ നിയമം ലംഘിക്കുകയാണെന്ന് അറിയാമായിരുന്നു.
സംഭവം അറിഞ്ഞ പ്രസിഡന്റ് മുഷാറഫ് മര്യാദയോടെ എന്നാൽ ശക്തമായ ഭാഷയിൽ തന്നോട് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് അഭ്യർത്ഥിച്ചു. അടുത്ത തവണ ഇത്തരത്തിൽ പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുക. നിങ്ങൾക്ക് വേണ്ടി ഒരു പരിവാരത്തെ തന്നെ ഏർപ്പെടുത്താം. പക്ഷേ ഇത്തരം സാഹസിക പ്രവർത്തികൾ ചെയ്യരുതെന്നും മുഷാറഫ് പറഞ്ഞതായി ഗാംഗുലി തന്റെ ആത്മകഥയിൽ പറയുന്നു. മൂന്ന് ദിവസത്തെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാണ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം അന്ന് മടങ്ങിയത്. 2006ൽ രാഹുൽ ദ്രാവിഡ് ക്യാപ്ടനായിരിക്കവേയും ഇന്ത്യ പര്യടനം നടത്തിയിരുന്നു. 2005ൽ മുഷാറഫ് ഡൽഹിയിലെ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയം സന്ദർശിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |