SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.35 AM IST

ടൈറ്റാനിയം തൊഴിൽതട്ടിപ്പ്, മുഖ്യപ്രതികളെ തൊടാതെ പൊലീസ്; ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയിൽ

dsd

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം തൊഴിൽതട്ടിപ്പ് കേസിൽ വമ്പന്മാരെ തൊടാതെ പൊലീസ് ഒളിച്ചുകളിക്കുന്നതിനിടെ മുഖ്യപ്രതികളിലൊരാളും കമ്പനി ലീഗൽ ഡി.ജി.എമ്മുമായ ശശികുമാരൻ തമ്പി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി ശശികുമാരൻ തമ്പി പ്രതിയായ ഒമ്പതുകേസുകളിലാണ് മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ബദറുദ്ദീൻ കേസ് 24ന് പരിഗണിക്കാനായി മാറ്റി.

ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ അസി.കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. കന്റോൺമെന്റ്, പൂജപ്പുര, വെഞ്ഞാറമൂട്,വഞ്ചിയൂർ,ശംഖുംമുഖം സ്റ്റേഷനുകളിൽ 16ഓളം കേസുകളിൽ പലരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ഡിസംബറിൽ വെഞ്ഞാറമൂട് പൊലീസിൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് പിരപ്പൻകോട് സ്വദേശി നൽകിയ പരാതിയാണ് കേസിന്റെ തുടക്കം. ഇതിൽ തിരുവനന്തപുരം ജേക്കബ് ജംഗ്ഷൻ സ്വദേശിയായ ദിവ്യജ്യോതിയെ പൊലീസ് പിടികൂടിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ദിവ്യജ്യോതി വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായതിന് പിന്നാലെയാണ് നഗരത്തിലെ മറ്റ് സ്റ്റേഷനുകളിലും കൂടുതൽ പരാതികളെത്തിയത്.

ദിവ്യജ്യോതിയുടെ ഭർത്താവ് രാജേഷ്,പ്രേംകുമാർ,ശ്യാംലാൽ,കമ്പനിയുടെ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി,സി.പി.എം നേതാവ് മണക്കാട് അനിൽ,അഭിലാഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതിൽ ദിവ്യജ്യോതി,ഭർത്താവ് രാജേഷ്,മണക്കാട് അനിൽ,അഭിലാഷ് എന്നിവരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റുചെയ്‌തത്. ദിവ്യജ്യോതി ഫേസ്ബുക്കിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ശ്യാംലാലും മറ്റുള്ളവരും ചേർന്ന് ഇന്റർവ്യൂവിനെന്ന പേരിൽ ആളുകളെ കാറിൽ ടൈറ്റാനിയത്തിലെത്തിക്കും. ടൈറ്റാനിയത്തിലെ ശശികുമാരൻ തമ്പിയുടെ കാബിനിൽ വച്ചായിരുന്നു ഇന്റർവ്യൂ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി തട്ടിപ്പ് കേസുകളുടെ എണ്ണം വർദ്ധിക്കുകയും സംഭവം വിവാദമാകുകയും ചെയ്‌തതോടെയാണ് കേസ് അന്വേഷണത്തിന് ക്രൈം ഡിറ്രാച്ച്മെന്റ് അസി.കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുംമുമ്പുതന്നെ ദിവ്യജ്യോതിയുടെ ഭർത്താവ് കീഴടങ്ങി. മണക്കാട് അനിൽ, അഭിലാഷ് എന്നിവരെ മാത്രമാണ് അന്വേഷണസംഘം അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്ത 16 കേസുകളിലും കമ്പനിയുടെ ലീഗൽ ഡി.ജി.എം ശശികുമാർ പ്രതിയാണ്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശശികുമാർ നൽകിയ അപേക്ഷകളെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ജാമ്യം നിഷേധിച്ചശേഷവും അറസ്റ്റുചെയ്യാൻ ശ്രമിക്കാതിരുന്നതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായെന്നാണ് സൂചന. കമ്പനിയിലെ ഉന്നതരുൾപ്പെടെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ജീവനക്കാരും നാട്ടുകാരും സംശയിക്കുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനി ജീവനക്കാരി വി.കെ.പ്രശാന്ത് എം.എൽ.എ മുഖാന്തരം മന്ത്രിക്ക് സമർപ്പിച്ച പരാതി അന്വേഷണം നടത്താതെ മുക്കിയതുൾപ്പെടെയുള്ള സംഭവങ്ങളിൽ സംശയനിഴലിലുള്ളവരെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് ശശികുമാരൻ തമ്പിയുടെ അറസ്റ്റൊഴിവാക്കിയുള്ള അന്വേഷണം. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ ജോലി തട്ടിപ്പ് കേസെന്ന നിലയിൽ ശക്തമായ ചോദ്യം ചെയ്യലുകൾക്കോ തുടരന്വേഷണങ്ങൾക്കോ മുതിരാതെ എങ്ങനെയെങ്കിലും അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY