SignIn
Kerala Kaumudi Online
Friday, 19 April 2024 2.47 PM IST

കൂടത്തായി ; നീതിക്ക് പരിക്കേൽക്കുമോ?​

jolly

കൂടത്തായി കൊലപാതക കേസ് മാസങ്ങളോളം ട്വിസ്‌റ്റുകളുടെ പരമ്പരയാണ് സൃഷ്‌ടിച്ചത്. അന്വേഷണം ഒരു ക്രൈം തില്ലറിന് തുല്യമായിരുന്നു. കൊലയ്‌ക്കിരയായെന്ന് പറയപ്പെടുന്ന നാലുപേരുടെ ശരീരത്തിൽ മരണകാരണമെന്ന് വിലയിരുത്തപ്പെട്ടിരുന്ന സയനൈഡിന്റെ സാന്നിദ്ധ്യമില്ലെന്ന ഫോറൻസിക് റിപ്പോർട്ട് ഈ കേസിനെ ഇപ്പോൾ വീണ്ടും ചർച്ചയാക്കുകയാണ്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അദ്ധ്യാപികയുമായ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ ഒന്നരവയസുള്ള മകൻ അൽഫൈൻ എന്നിവരാണ് ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ ആദ്യ ഭർത്താവായിരുന്നു റോയ്. സിലി, റോയ് എന്നിവരുടെ മരണകാരണം സയനൈഡാണെന്ന് തെളിയിക്കുന്ന ശാസ്‌ത്രീയ തെളിവുകൾ അന്വേഷണസംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് അന്ന് പോസ്‌റ്റുമോർട്ടം ചെയ്‌തത്. സയനൈഡ് ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മറ്റ് അഞ്ചു പേരുടെ മൃതദേഹാവശിഷ്‌ടങ്ങൾ 2020 ജനുവരിൽ കോഴിക്കോട് കെമിക്കൽ ലാബിൽ പരിശോധിച്ചെങ്കിലും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യയായിരുന്ന സിലിയുടെ മൃതദേഹ അവശിഷ്‌ടത്തിൽ മാത്രമാണ് സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെയാണ് മറ്റ് നാലു പേരുടെ മൃതദേഹങ്ങൾ ഹൈദരാബാദിലെ സെൻട്രൽ ലാബോട്ടറിയിൽ പരിശോധനയ്‌ക്ക് അയച്ചത്. പുതിയ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസ് നിലനിൽക്കുമാേ എന്ന ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. നിയമരംഗത്തുള്ളവരും വിവിധ അന്വേഷണ ഉദ്യോഗസ്ഥരും പലവിധത്തിലുള്ള വാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും കേസ് അപൂർവങ്ങളിൽ അപൂർവമാണ്. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ വളരെ ജാഗ്രതയോടെയാണ് കേസിനെ സമീപിച്ചത്. കോടതിയും ആ വിധത്തിൽ കേസ് പരിഗണിക്കുന്നു. അതിനാൽ വ്യക്തമായ ഒരു അഭിപ്രായം ഈയവസരത്തിൽ പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള മൃതദേഹങ്ങൾ ഉള്ളതിനാലാണ് സയനൈഡിന്റെ അംശം കണ്ടെത്താനാവാത്തതെന്ന വിദഗ്ദ്ധാഭിപ്രായം നേരത്തെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കോഴിക്കോട് ഫോറൻസിക് ലാബിൽ നിന്നുള്ള ആദ്യ പരിശോധനാഫലം വന്നപ്പോഴാണ് ഇത്തരത്തിലുള്ള ഉപദേശം അന്വേഷണസംഘത്തിന് ലഭിച്ചത്. കോടതിയിൽ കേസ് എത്തുമ്പോൾ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് സാമ്പിളുകൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ അയച്ചത്. എന്തുകൊണ്ട് ഏറ്റവും വിശ്വാസ്യതയുള്ള ഈ ലാബിൽ സാമ്പിളുകൾ അയച്ചില്ലെന്ന കോടതിയുടെ ചോദ്യം ഒഴിവാക്കാനായിരുന്നു ഈ നീക്കം. അതിനാൽ പ്രതീക്ഷിച്ച സാമ്പിൾ റിസർട്ട് തന്നെയാണ് ലഭിച്ചതെന്ന സൂചനയാണ് അന്വേഷണസംഘത്തിലുള്ളവർ നൽകുന്നത്. നിലവിലുള്ള മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സയനൈഡ് നൽകിയാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെയും പ്രതീക്ഷ.

ഒരു തെളിവുമില്ലാതെ പൊടിപിടിച്ചു കിടന്ന ഒരു ഫയലിന്മേലുള്ള അന്വേഷണമാണ് കൂടത്തായി കൊലപാതക്കേസിന്റെ ചുരുളഴിച്ചത്. കേരള പൊലീസിൽ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട എസ്.പി കെ.ജി. സൈമൺ നേതൃത്വം നൽകിയപ്പോൾ ഒരുപാട് ദുരൂഹതകളാണ് മറനീക്കി പുറത്തുവന്നത്. ക്രൈംബ്രാഞ്ചിൽ എസ്.പിയായിരിക്കെ, എഴുതിതള്ളാൻ വച്ചിരുന്ന നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയയാളാണ് സൈമൺ. അതിനാൽ സൈമണിന്റെ വാക്കുകൾ വിശ്വാസിലെടുത്താൽ കൂടത്തായി കേസിൽ പ്രതികളെ ശിക്ഷിക്കാനുള്ള തെളിവുകൾ നിരവധിയാണ്. ശാസ്‌ത്രീയമായ തെളിവുകളുടെ അഭാവം ഒരിക്കലും തിരിച്ചടിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

എല്ലാ കൊലപാതകങ്ങളും നടത്തിയത് ജോളിയാണെന്നതിന് സാഹചര്യതെളിവുകളും സാക്ഷി മൊഴികളുമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. നാലു പേരുടെയും മരണലക്ഷണങ്ങൾ വിശകലനം ചെയ്‌തുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ട് പ്രോസിക്യൂഷന്റെ വാദത്തെ ശരിവയ്‌ക്കുന്നു. ഇതാണ് അന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്ന വലിയ ഘടകം. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ആറു കൊലപാതകങ്ങൾ അരങ്ങേറിയത്. കല്ലറകൾ തുറന്ന് മൃതദേഹാവിശിഷ്‌ടങ്ങൾ ശേഖരിച്ചത് 2019 ഒക്‌ടോബറിലാണ്. ഈ കാലതാമസം സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് തടസമായെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. 2016 ജനുവരി 11 ന് മരിച്ച സിലിയുടേതായിരുന്നു അവസാനത്തെ കൊലപാതകം. ഈ മൃതദേഹാവശിഷ്‌ടത്തിൽ കൂടിയ അളവിൽ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

സെൻട്രൽ ഫോറൻസിക് റിപ്പോർട്ട് ഫലത്തിൽ ഒരു പുതുമയുമില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടുകൾക്ക് കാരണം പലതാണ്. നാലുപേരുടെ മൃതദേഹാവിശിഷ്‌‌ടങ്ങളിൽ സയനൈഡ് സാന്നിദ്ധ്യമില്ലെന്ന് 2020 ജനുവരിയിൽ കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കിയത്. 2020 ലെ ഫോറൻസിക് റിപ്പോർട്ടിന് ശേഷമാണ് നാലു കേസുകളിലും കുറ്റപത്രം സമർപ്പിച്ചത്. അന്നമ്മയുടെ മരണകാരണം ഡോഗ്കിൽ എന്ന വിഷവും മറ്റ് മൂന്ന് മരണങ്ങൾ സയനൈഡ് മൂലമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇക്കാരണങ്ങളാൽ കേസിൽ ഒരു തിരിച്ചടിയുമുണ്ടാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വാദം.

ശാസ്ത്രീയമായ തെളിവുകൾ ഒരു കേസിൽ നിർണായക ഘടകവും പ്രോസിക്യൂഷന് ഏറ്റവും സഹായകവുമാണ്. പ്രതി കുറ്റക്കാരനാണെന്ന് സംശയലേശമില്ലാതെ തെളിയിക്കാനാകും. ശാസ്‌ത്രീയ തെളിവുകളുടെ അഭാവത്തിലാണ് സാക്ഷിമൊഴികളും മറ്റ് തെളിവുകളും പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ശാസ്‌ത്രീയ തെളിവുകളില്ലാതെ കൊലപാതക കേസുകളിൽ വരെ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ കൂടത്തായി കേസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.

മലയാളികൾ ഞെട്ടലോടെ കേട്ട ഈ കൊലപാതക പരമ്പരയിൽ എന്തു നടപടികളും വാർത്തകളിൽ ഇടംപിടിക്കും. അതിനാൽ ചെറിയ സംഭവങ്ങൾ പോലും വിവാദമായേക്കാം. അതിനാൽ കേസിന്റെ വിചാരണ പൂർത്തിയായി ശിക്ഷാ വിധിയിലേക്ക് കടക്കും വരെ സസ്‌പെൻസ് തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOODATHAYI, 1
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.