SignIn
Kerala Kaumudi Online
Friday, 26 April 2024 4.30 PM IST

ആക്രമണോത്സുകതയെ എതിർക്കുക കലയുടെ പ്രാഥമിക ദൗത്യം: സച്ചിദാനന്ദൻ

sachi

തൃശൂർ: എല്ലാ വിധ ആക്രമണോത്സുക പ്രവൃത്തികളെയും എതിർക്കുക എന്നതാണ് കലയുടെ പ്രാഥമിക ദൗത്യമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. 'കല കലാകാരൻ കാലനിർമാണം മാനവികത' എന്ന വിഷയത്തിൽ ആർട്ടിസ്റ്റ് സീനിക് ഗ്യാലറിയിൽ നടന്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത വർഗ്ഗീയത, ഒരു വിഭാഗത്തെ അപരരാക്കൽ, മറ്റെല്ലാറ്റിനെയും പുറന്തള്ളുന്ന ആസുരമായ വേഗത്തോടുള്ള അഭിനിവേശം, യുദ്ധം, ഇടുങ്ങിയ ദേശീയതാ ബോധം ഇത്തരത്തിലുള്ളതെല്ലാം ഒരു തരത്തിൽ ആക്രമോത്സുക പ്രവൃത്തികളാണ്. മാനവിക ഐക്യത്തെ കുറിച്ചാണ് കല കൂടുതൽ സംസാരിക്കേണ്ടത്. അനാഥരോടും അഭയാർത്ഥികളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ഐക്യം പ്രഖ്യാപിക്കലാണ് ഏത് കലയും ചെയ്യുന്നത്. കൊവിഡിൽ അധികാരകേന്ദ്രീകരണം ശക്തമായി, സ്വാഭാവികമെന്ന വണ്ണം നമുക്കിടയിൽ രൂപപ്പെട്ടു. ഒന്നിപ്പിനെ, പോരാട്ടങ്ങളെ അത് പല വിധത്തിൽ പരിമിതപ്പെടുത്തി. അതേസമയം സാമൂഹികമാദ്ധ്യമങ്ങളിലൂടെ, മറ്റൊരുതരത്തിലുള്ള ഒന്നിപ്പിനെ അത് സാദ്ധ്യമാക്കുകയും ചെയ്തു. നാടകോത്സവത്തിലെ പല നാടകങ്ങളും അധികാരത്തിനെതിരെയും യുദ്ധത്തിനെതിരെയുമുള്ള സന്ദേശങ്ങളുള്ളതായിരുന്നു. ഇത്തരത്തിൽ പ്രകൃതിക്കും മാനവികതയ്ക്കുമായി നമ്മുടെ കലാകാരന്മാരും സാഹിത്യകാരന്മാരും പ്രവർത്തിച്ചതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പ് എന്ന കവിതയോടെയാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.

ജനകീയോത്സവമായി വിശ്വനാടക വേദി

പല ദേശങ്ങളും പല മനുഷ്യരും 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തിൽ ഒത്തുചേർന്നപ്പോൾ അത് മാനവികതയുടെ വിളംബരമായി. അന്താരാഷ്ട്ര നാടകോത്സവം ഏഴ് ദിനം പിന്നിടുമ്പോൾ മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി നാടകങ്ങൾ കാണാനും ചർച്ചകളുടെ ഭാഗമാകാനും നിരവധി പേരാണ് ഇറ്റ്‌ഫോക്കിലെത്തിയത്. അവധി ദിനങ്ങളായതിനാൽ രാവിലെ മുതൽ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീണ്ട നിര കാണാനായി. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് പോലും നാടകം കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു. ആവർത്തിച്ചുള്ള പ്രദർശനമുള്ളതിനാൽ ഒരു ദിവസം ടിക്കറ്റ് കിട്ടിയില്ലെങ്കിലും അടുത്ത ദിവസം കാണാൻ സാധിക്കുന്നുണ്ടെന്നത് കാണികൾക്കും ആശ്വാസമാണ്. കാണികൾ വർദ്ധിക്കുന്നത് സന്തോഷം നൽകുന്നതാണെന്നും ഇറ്റ്‌ഫോക്കിന്റെ ജനപ്രിയത വരും വർഷങ്ങളിലേയ്ക്കും ഊർജ്ജം പകരുന്നതാണെന്നും സംഘാടകർ പറയുന്നു. ഇറ്റ്‌ഫോക്കിലെത്തിയ സാംസൺ, ഹീറോ ബ്യൂട്ടി, ആർക്ടിക്, തേഡ് റീഹ്, ഫോർ ദ റെക്കാഡ്, ആന്റിഗണി, ദി ടെമ്പസ്റ്റ് പ്രൊജക്ട്, പി തോഡൈ, കക്കുകളി, സോവിയറ്റ് സ്‌റ്റേഷൻ കടവ് തുടങ്ങി നാടകങ്ങൾക്കും നല്ല പ്രേക്ഷകരുണ്ടായി. ഇറ്റ്‌ഫോക്ക് ആരംഭിക്കുന്നതിന് മുൻപ് ഓൺലൈൻ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SACHIDANANDAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.