മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തൊണ്ടർനാട് പള്ളിപ്പുറത്ത് തോമസിന്റെ കുടുംബത്തിന് സാന്ത്വനവുമായി രാഹുൽ ഗാന്ധി വീട്ടിലെത്തി. വൈകുന്നേരം 3 .50 ന് പുതുശ്ശേരിയിലെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി 15 മിനിറ്റ് നേരം കുടുംബത്തോടൊപ്പം ചെലവഴിച്ചു. തോമസ് മരിക്കാനിടയായ സാഹചര്യവും തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികളും കുടുംബം രാഹുൽഗാന്ധിയെ ധരിപ്പിച്ചു. ദു:ഖത്തിൽ പങ്കുചേരുന്നതായും വന്യമൃഗശല്യത്തിന്റെയും ചികിത്സാപ്പിഴവിന്റെയും കാര്യം ഇതിനോടകം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടന്നും അദ്ദേഹം കുടുംബത്തോട് പറഞ്ഞു.
എല്ലാ കാര്യത്തിലും കുടുംബത്തോടൊപ്പമുണ്ടാവുമെന്നും കുടുംബം ഉന്നയിച്ച വിഷയങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി. രാഹുലിന്റെ സന്ദർശനം ആശ്വാസകരമായെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കെ.സി വേണഗോപാൽ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എൻ.ഡി അപ്പച്ചൻ, പി.കെ ജയലക്ഷ്മി, പ്രമോദ് , മീനാക്ഷി രാമൻ, അഡ്വ. എൻ.കെ വർഗീസ് തുടങ്ങിയവരും രാഹുലിനെ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |