ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്ന ആഴ്സനലിനെ 3-1ന് വീഴ്ത്തി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റ സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കെവിൻ ഡി ബ്രുയിനെ ജാക് ഗ്രീലിഷ്, ഏർലിംഗ് ഹാളണ്ട് എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. പെനാൽറ്രിയിലൂടെ ബുക്കായോ സാക്കയാണ് ആഴ്സനലിനായി സ്കോർ ചെയ്തത്. 24-ാം മിനിട്ടിൽ ആഴ്സനലിന്റെ തൊമിയാസുവിന്റെ പിഴവ് മുതലെടുത്ത് ഡി ബ്രുയിനെ സിറ്റിയ്ക്ക് ലീഡ് സമ്മാനിച്ചു. തൊമിയാസുവിന്റ അലക്ഷ്യമായ ബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു ഡി ബ്രുയിനെയുടെ ഫിനിഷിംഗ്. ഒന്നാം പകുതി അവസാനിക്കാറാകവെ 42-ാം മിനിട്ടിൽ എൻകെയ്റ്റയെ സിറ്റി ഗോളി എഡേഴ്സൺ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സാക്ക ആഴ്സനലിനെ ഒപ്പമെത്തിച്ചു. ഒന്നാം പകുതിയുടെ അധിക സമയത്ത് സിറ്രി വീണ്ടും ലീഡെടുത്തെന്ന് തോന്നിച്ചെങ്കിലും റോഡ്രിയുടെ ഹെഡ്ഡർ പോസ്റ്റിലിടിച്ച് മടങ്ങി. 57-ാം മിനിട്ടിൽ സിറ്റിക്കനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ നിഷേധിച്ചു.
പിന്നീട് 72-ാം മിനിട്ടിലാണ് ഗുണ്ടോഗന്റെ പാസിൽ നിന്ന് ഗ്രീലിഷ് സിറ്രിയുടെ രണ്ടാം ഗോൾ നേടിയത്. 82-ാംമിനിട്ടിൽ ഡി ബ്രുയിനെയുടെ പാസിൽ നിന്ന് ഹാളണ്ട് സിറ്രിയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
നിലവിൽ സിറ്റിയ്ക്ക് 23 മൂന്ന് കളികളിൽ 51 പോയിന്റും ആഴ്സനലിന് 22 കളികളിൽ നിന്നും ഇതേ പോയിന്റുമാണെങ്കിലും ഗോൾ ശരാശരിയിൽ സിറ്റി ഒന്നാമൻമാരാവുകയായിരുന്നു. അതേ സമയം സിറ്റിയെക്കാൾ ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളൂ എന്നത് ആഴ്സനലിന് പ്രതീക്ഷ നൽകുന്ന ഘടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |