കൊച്ചി: സർക്കാർ ഏജൻസികൾ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ബോർഡുകളോ ബാനറുകളോ തോരണങ്ങളോ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. രേഖാമൂലമുള്ള അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
വ്യവസായവകുപ്പ് കൊച്ചിയിൽ അടുത്തിടെ നടത്തിയ ഒരു പരിപാടിയുടെ ഭാഗമായി പലയിടത്തും ബാനറുകളും ബോർഡുകളും വച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾക്കും തോരണങ്ങൾക്കുമെതിരെ ഹൈക്കോടതി നടപടികൾ തുടരുന്നതിനിടെയാണ് ഇവ സ്ഥാപിക്കപ്പെട്ടത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിനെക്കുറിച്ച് വിശദീകരണം നൽകിയെങ്കിലും ഹൈക്കോടതി പൂർണതൃപ്തി പ്രകടിപ്പിച്ചില്ല. അതേസമയം, നഗരത്തിൽ ഇനിയും ബോർഡുകൾ ഉണ്ടെങ്കിൽ പത്തുദിവസത്തിനുള്ളിൽ നീക്കുമെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പുനൽകി. തുടർന്നാണ് സർക്കാർ ഏജൻസികൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവിട്ടത്. അനധികൃത ബോർഡുകളും ബാനറുകളും നീക്കി നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനിടെ ഇത്തരം നടപടികൾ ദൗർഭാഗ്യകരമാണെന്നും വ്യക്തമാക്കി. ഹർജികൾ അടുത്തമാസം മൂന്നിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |