SignIn
Kerala Kaumudi Online
Thursday, 19 September 2024 1.38 PM IST

ബന്ധുനിയമനം പാർട്ടിക്ക് ദോഷംചെയ്യുമെന്ന് സി.പി.എം, വഴിവിട്ട സമ്പാദ്യത്തിലും വിമർശനം

Increase Font Size Decrease Font Size Print Page

p

തിരുവനന്തപുരം: ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറപ്പിക്കുന്നതായി സി.പി.എമ്മിന്റെ തെറ്റ് തിരുത്തൽ രേഖ. സ്ഥാനങ്ങൾ കൈയ്യടക്കാനുള്ള ആർത്തിയിൽ നിന്ന് സഖാക്കളെ മോചിപ്പിക്കണമെന്നും ഡിസംബർ 22നും 23നും ചേർന്ന സംസ്ഥാനകമ്മിറ്റി യോഗം അംഗീകരിച്ച തെറ്റ് തിരുത്തൽ രേഖയിൽ നിർദ്ദേശിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി വാങ്ങിക്കൊടുക്കുക എന്നത് ചിലർ അവകാശമായി കാണുന്നു.

അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ പാർട്ടി നേതാക്കൾ തട്ടിയെടുത്തെന്ന വികാരമുയരുന്നത് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകൽച്ചയ്ക്കിടയാക്കുന്നു. യഥാർത്ഥത്തിൽ സംരക്ഷണം കിട്ടേണ്ടവർക്ക് അത് ലഭിക്കാതെ പോകുന്നത് പാർട്ടിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളിൽ കർശന നിലപാട് സ്വീകരിക്കാനാകണം.

അഴിമതിയോട്

വിട്ടുവീഴ്ച വേണ്ട

അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാകണം. കുറഞ്ഞകാലത്തെ പാർട്ടി പ്രവർത്തനത്തിലൂടെ സമ്പാദിച്ചുകൂട്ടുന്ന ചിലരെക്കുറിച്ച് പ്രവർത്തകർക്കിടയിൽ കുശുകുശുപ്പുണ്ട്.

പാർട്ടിയിലുള്ള ചിലർ പണം സമ്പാദിക്കാൻ വിവിധ വഴികൾ തേടുന്നു. നേതാക്കളും പ്രവർത്തകരും റിയൽ എസ്റ്റേറ്റ് പോലുള്ളവയുമായി സഹകരിക്കുന്ന നില തുടരുന്നു. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾക്കായി ജനങ്ങളുടെമേൽ കുതിര കയറാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണം.

എല്ലാ കമ്മിറ്റികളിലും ശരിയായ പരിശോധനയിലൂടെ ഇത്തരം പ്രവണതകൾ തിരുത്തണം. ഇക്കാര്യത്തിൽ പാലക്കാട് പ്ലീനം തീരുമാനങ്ങൾ കർശനമായി നടപ്പാക്കണം.

അനാവശ്യ പിരിവ് വേണ്ട

അനാവശ്യ പിരിവുകൾ പൂർണമായും ഇല്ലാതാക്കണം. ഓരോ പരിപാടിക്കും എത്ര തുക പിരിച്ചെടുക്കണമെന്ന് കൃത്യമായി നിശ്ചയിക്കുകയും പരിപാടിക്കുശേഷം വരവുചെലവ് കണക്കുകൾ അതത് ഘടകങ്ങളിലവതരിപ്പിച്ച് വ്യക്തത വരുത്തുകയും വേണം.

ഉദ്യോഗസ്ഥരുടെ കൈക്കൂലി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പാർട്ടിക്ക് നേതൃപരമായ പങ്ക് വഹിക്കണം. കൈക്കൂലി ചോദിക്കാനും വാങ്ങാനും ഒരു മടിയുമില്ലെന്ന നിലയിലേക്ക് ചിലരെത്തി. കൈക്കൂലി ചോദിക്കുന്ന വീഡിയോ പുറത്തുവന്നു. കൈക്കൂലി കിട്ടേണ്ടത് മൗലികാവകാശം പോലെ കാണുന്ന സ്ഥിതിയുമുയർന്നുവന്നു.

നോക്കുകൂലിക്കെതിരെ

സംഘടനയുടെ പിൻബലത്തിൽ തൊഴിലാളികൾ അന്യായമായ വേതനം വാങ്ങുന്ന പ്രവണതയ്ക്ക് അറുതിവേണം. തൊഴിലാളികളുടെ വേതനക്കാര്യത്തിൽ വ്യക്തമായ നിലപാടെടുത്ത് പോകണം. ചിലയിടങ്ങളിൽ പ്രാദേശികതലത്തിൽ നേതാക്കളുടെ കരുത്തുപയോഗിച്ച് അന്യായമായ വേതനം വില പേശിയുറപ്പിക്കുന്ന രീതിയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുനയം തൊഴിലാളിസംഘടനകൾക്ക് സ്വീകരിക്കാനാവണം. കേരളത്തിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ലഹരിക്കെതിരെ ജാഗ്രത

ലഹരിവിരുദ്ധപ്രചരണത്തിൽ സജീവമായി പങ്കെടുക്കുന്ന പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന സ്ഥിതിക്കെതിരെ ജാഗ്രത വേണം. വർഗ, ബഹുജനസംഘടനകളുടെ ജില്ലാതല പ്രവർത്തകർ പോലും തെറ്റായശീലങ്ങൾക്ക് അടിപ്പെടുന്നു. വിദ്യാർത്ഥി, യുവജനപ്രവർത്തകർ മാതൃകാപരമായി പ്രവർത്തിക്കാൻ പ്രത്യേക ശ്രദ്ധയും കരുതലും കാണിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.