തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സർവകലാശാല പണമുണ്ടാക്കാൻ സ്വാശ്രയ കോളേജുകളുടെ കഴുത്തറക്കുന്നു. വാർഷിക അഡ്‌മിനിസ്ട്രേഷൻ, അഫിലിയേഷൻ ഫീസടക്കം ഇരട്ടിയോളമാക്കി. ആവശ്യത്തിന് കുട്ടികളില്ലാത്ത കോളേജുകൾ ഫീസ് വർദ്ധനവിൽ വലഞ്ഞ് കോഴ്സുകൾ അവസാനിപ്പിക്കുകയാണ്.
ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ വാർഷിക ഫീസ് 30,000 ആയിരുന്നത് 50,000 ആയാണ് കൂട്ടിയത്. ബി.എഡ് കോളേജുകളുടെ ഒന്നരലക്ഷം ഫീസ് രണ്ടു ലക്ഷമാക്കി. എം.എഡ് കോളേജുകൾക്ക് 50,000 ആയിരുന്നത് 55,000ആക്കി. ലാ കോളേജുകൾക്ക് ആകെ ഒരുലക്ഷമായിരുന്ന ഫീസ് ഓരോ ബാച്ചിനും അരലക്ഷമാക്കി. എം.ബി.എ, എം.സി.എ, ഹോട്ടൽ മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി കോളേജുകൾക്ക് ഒരു ലക്ഷമായിരുന്ന ഫീസ് ഓരോ ബാച്ചിനും ഒരു ലക്ഷമാക്കി. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിന് അരലക്ഷമായിരുന്ന വാർഷിക ഫീസ് ബാച്ചിന് ഒരുലക്ഷമാക്കി.
സിൻഡിക്കേറ്റ് തീരുമാനപ്രകാരം ഫീസ് വർദ്ധിപ്പിച്ച് ഗസറ്റ് വിജ്ഞാപനമിറക്കി. മാർച്ച് 31നകം പുതുക്കിയ ഫീസടയ്ക്കാനാണ് കോളേജുകൾക്കുള്ള നിർദ്ദേശം.
കോളേജും കോഴ്സും തുടങ്ങുമ്പോഴുള്ള അഫിലിയേഷൻ ഫീസ് 5.25 ലക്ഷത്തിൽ നിന്ന് 7.75 ലക്ഷമാക്കി. അധികബാച്ചിനും സീറ്റ് വർദ്ധനയ്ക്കും 52,500 രൂപ 78,000 രൂപയാക്കി.കോളേജിൽ പരിശോധന നടത്താനുള്ള ഫീസ് 26,250ൽ നിന്ന് 39,000ആക്കി.
സർക്കാരിന്റെ പ്രതിമാസ ഗ്രാന്റ് മുടങ്ങുകയും വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ നിന്നുള്ള വരുമാനം കുറയുകയും ചെയ്തതോടെ വാഴ്സിറ്റികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തനതുഫണ്ടിലെ വരുമാനം കൂട്ടണമെന്ന് സർക്കാർ നിർദ്ദേശവുമുണ്ട്. കേരള സർവകലാശാലയ്ക്ക് 30കോടിയാണ് പ്രതിമാസ ഗ്രാന്റ്. അത് മുടങ്ങിയാൽ അക്കാഡമിക് പ്രവർത്തനങ്ങളടക്കം തടസപ്പെടും. ആഭ്യന്തര വരുമാനം വർദ്ധിപ്പിച്ച് പെൻഷൻ ഫണ്ട് രൂപീകരിക്കാനുള്ള ഉത്തരവ് ധനവകുപ്പ് മരവിപ്പിച്ചെങ്കിലും പൻവലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫീസുകൾ കൂട്ടിയത്.
ഫീസുകൾ കുത്തനേ കൂട്ടിയത് സ്വാശ്രയ കോളജുകളുടെ നടുവൊടിക്കുമെന്ന് മാനേജ്മെന്റുകൾ പറയുന്നു. വിദ്യാർത്ഥികളുടെ ഫീസ് ഇതിനനുസരിച്ച് കൂട്ടിയാൽ പഠിക്കാൻ ആളില്ലാതാവും. നിരവധി കോളേജുകൾ കുട്ടികൾ കുറവുള്ള ബാച്ചുകൾ അവസാനിപ്പിക്കാൻ അപേക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |