പാലക്കാട്: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ ജില്ലയിൽ മൂന്നുവർഷത്തിനിടെ കൃഷിയോഗ്യമാക്കിത് 2864.5 ഹെക്ടർ തരിശുഭൂമി. 2022 - 23 സാമ്പത്തിക വർഷം മാത്രം പാലക്കാട് ജില്ലയിലാകെ 112.5 ഹെക്ടറിൽ കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ആകെ 3019 ഹെക്ടർ തരിശുഭൂമിയാണ് കണ്ടെത്തിയത്.
നെല്ലിന് പുറമേ പഴം - പച്ചക്കറി, കിഴങ്ങ്, ചെറുധാന്യങ്ങൾ, റബർ എന്നിവയെല്ലാം തരിശുഭൂമിയിൽ വിളയിക്കുന്നുണ്ട്. ഇതുകൂടാതെ മത്സ്യക്കൃഷി, കോഴി, കന്നുകാലി വളർത്തലുമുണ്ട്.
ജില്ലയിൽ ഒരു വർഷം 2,00,928 ഹെക്ടറിൽ വിവിധയിനം കൃഷികൾ ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് വിളകളിലായി നെൽകൃഷിയാണ് ഏറ്റവും കൂടുതൽ, 77,121 ഹെക്ടർ. 56,000 ഹെക്ടറിൽ തെങ്ങുകൃഷിയും 25,301 ഹെക്ടറിൽ വാഴക്കൃഷിയും 6,463 ഹെക്ടറിൽ പച്ചക്കറിയുമുണ്ട്. 73 വെജിറ്റബിൾ ക്ലസ്‌റ്ററുകളാണ് ജില്ലയിലുള്ളത്. 139 പുരപ്പുറ കൃഷി യൂണിറ്റുകളുമുണ്ട്. ഇടനിലക്കാരില്ലാതെ കാർഷികോത്പന്നങ്ങൾ നേരിട്ട് വിപണനത്തിനായി 40 ഇക്കോ ഷോപ്പുകളും 68 ആഴ്‌ച ചന്തകളും ജില്ലയിലെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നു.
കൃഷി ആദയകരമല്ലെന്ന് ആരോപിച്ച് കർഷകർ കൃഷിയിൽ നിന്ന് അകന്നുകൊണ്ടിരിക്കെ 2020-ലാണ് സർക്കാർ സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയുടെ ഏകോപനം ഏറ്റെടുത്തു. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സഹകരിച്ചു. ഇതോടെയാണ് ജില്ലയിലെ 2864.5 ഹെക്ടർ തരിശുഭൂമിയാകെ പച്ചപ്പണിഞ്ഞത്. ഒപ്പം മട്ടുപ്പാവ് കൃഷിയും വീട്ടുവളപ്പിലെ കൃഷിയുമെല്ലാം വ്യാപകമായി.
കരുതലുമായി ജില്ലാ പഞ്ചായത്ത്
തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് കനാൽ വൃത്തിയാക്കൽ കേന്ദ്രസർക്കാർ ഒഴിവാക്കിയതോടെ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നീക്കിവച്ച് കനാൽ നവീകരണം പൂർത്തിയാക്കി. ഇതിനുപുറമെ ഉഴവുകൂലി നൽകലും തൊഴിൽ സേനയും ജൈവകൃഷി പ്രോത്സാഹനവുമെല്ലാം പദ്ധതിയുടെ വിജയത്തിന് സഹായകരമായി. ജില്ലാ പഞ്ചായത്തും ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളും ചേർന്ന് സമൃദ്ധി പദ്ധതിയിലൂടെയാണ് നെൽകൃഷിയുടെ പ്രാരംഭ ചെലവുകൾക്ക് സഹായം നൽകുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ യന്ത്രവൽകൃത കാർഷിക തൊഴിൽസേനകളും പഞ്ചായത്തുകളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |