കണ്ണൂർ: മേലെ ചൊവ്വയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആസൂത്രണം ചെയ്ത അണ്ടർ പാസിന് പകരം ഫ്ളൈ ഓവർ തീരുമാനിച്ചപ്പോഴും പൊളിച്ചുമാറ്റിയ കടകളുടെ അവശിഷ്ടം പ്രശ്നം സൃഷ്ടിക്കുന്നു.
ചൊവ്വ ഹൈസ്കൂൾ മുതൽ മട്ടന്നൂർ റോഡ് വരെയുള്ള നൂറുമീറ്ററിനിടയിൽ അറുപതോളം കടകളാണ് പൊളിച്ചത്. ഒരു മാസം മുൻപ് തന്നെ കടകൾ പൊളിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ മാറ്റിയെങ്കിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് നാട്ടുകാർക്കിടയിൽ വലിയ പരാതിക്ക് ഇടയാക്കി.
പൊടിപടലങ്ങൾക്കൊപ്പം അപകടവും സൃഷ്ടിക്കുന്നതാണ് നിലവിലെ സാഹചര്യമെന്ന് നാട്ടുകാർ പറയുന്നു.പദ്ധതിയുടെ ഭാഗമായി സ്ഥലത്തെ ബസ് കാത്തിരിപ്പു കേന്ദ്രം ഉൾപ്പെടെ പൊളിച്ചു മാറ്റിയിരുന്നു. ദീർഘവീക്ഷണമില്ലാതെ ഓരോ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് എൽ.ഡി.എഫ് സർക്കാർ ജനങ്ങളെ പെരുവഴിയിലാക്കുകയാണ് എന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ സമരം ആരംഭിച്ചിട്ടുണ്ട്.
പൈപ്പ്ലൈൻ മാറ്റാൻ വേണം അഞ്ചുകോടി
വെളിയമ്പ്രയിൽ നിന്ന് കണ്ണൂർ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ പദ്ധതി പ്രദേശത്ത് കൂടിയാണ് പോകുന്നത്. കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ അഞ്ച് കോടിയോളം രൂപ അധികം കണ്ടെത്തേണ്ടി വരും. മാത്രമല്ല നിർമാണം നടക്കുന്ന സമയത്ത് പ്രദേശത്തെ ജല വിതരണം നിൽക്കുകയും ചെയ്യും. അതിനാൽ അണ്ടർപാസിന് വാട്ടർ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തുടർന്നാണ് പദ്ധതി ഉപേക്ഷിച്ചത്. ഇതോടെ ഫ്ളൈ ഓവർ നിർമ്മിക്കാൻ തീരുമാനമായി. അണ്ടർപാസിനായി 28.5 കോടി രൂപയായിരുന്നു കിഫ്ബി ഫണ്ടിൽ നിന്ന് നീക്കിവെച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |