തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കും, ബിൽ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മാർച്ച് അഞ്ചിന് കാലാവധി കഴിയുന്ന കാലിക്കറ്റ് സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്ലിന് ഗവർണർ അനുമതി നൽകിയില്ലെങ്കിലും, നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനം. തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തി. നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒരുവർഷം വരെ ബദൽ ഭരണസംവിധാനമൊരുക്കാൻ ചാൻസലർക്ക് അധികാരമുണ്ടെന്നും ഇത് കവരുന്ന ബില്ലിന് അനുമതി നൽകില്ലെന്നുമാണ് ഗവർണറുടെ നിലപാട്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലായതിനാൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി വേണം.
ബിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് രാജ്ഭവൻ നിയമവകുപ്പിനോട് വിശദീകരണം തേടി. ഭരണഘടനയുടെ 203-ാം അനുച്ഛേദപ്രകാരം ധനബാദ്ധ്യതയുള്ള ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനും ചർച്ചചെയ്യുന്നതിനും തടസമില്ലെന്നും പാസാക്കും മുൻപ് ഗവർണറുടെ അനുമതി ലഭിച്ചാൽ മതിയെന്നുമാണ് നിയമവകുപ്പ് വിശദീകരിച്ചത്. ഗവർണർ അനുമതി നൽകിയില്ലെങ്കിൽ ബിൽ അസാധുവാകും.
എക്സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13പേരെ പുതുതായി നാമനിർദ്ദേശം ചെയ്യാനാണ് കരട് ബില്ലിൽ വ്യവസ്ഥയുള്ളത്. സഞ്ചിത നിധിയിൽ നിന്ന് പണം ചെലവിടേണ്ടതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിലുള്ളതിനാൽ 299(1) അനുച്ഛേദപ്രകാരം അവതരണത്തിന് ഗവർണറുടെ അനുമതി വേണ്ടതാണ്. ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷ ഓൺലൈനിൽ അയച്ചുകൊടുത്ത് അംഗീകരിപ്പിക്കാനാണ് സർക്കാർ ശ്രമം.
താത്കാലിക സമിതിക്ക്
ഗവർണറുടെ നീക്കം
രാഷ്ട്രീയക്കാരെ പൂർണമായി ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ഉൾപ്പെടുത്തി താത്കാലിക ഭരണസമിതിയുണ്ടാക്കാൻ ഗവർണർ നീക്കം തുടങ്ങിയിട്ടുണ്ട്.കാലിക്കറ്റ് വാഴ്സിറ്റി നിയമത്തിലെ 7(4) വകുപ്പനുസരിച്ചാണ് സിൻഡിക്കേറ്റ് കാലാവധി തീർന്നാൽ ഗവർണർക്ക് താത്കാലിക ഭരണസമിതിയുണ്ടാക്കാനുള്ള അധികാരം. ഗവർണർ താത്കാലിക സിൻഡിക്കേറ്റുണ്ടാക്കണമെന്നാവശ്യപ്പെട്ട് സെനറ്രംഗം ഡോ.ഷിബി.എം.തോമസിന്റെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വാദംകേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |