ആലപ്പുഴ: കെട്ടിക്കിടക്കുന്ന കയറും കയറുത്‌പന്നങ്ങളും സ്റ്റോക്ക് ക്ലിയറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിലകുറച്ച് വിൽക്കുമെന്ന് കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കയറിന് 30 ശതമാനവും കയറുത്പന്നങ്ങൾക്ക് 50 ശതമാനവുമായിരിക്കും വിലക്കുറവ്. കയർഫെഡിൽ 38 കോടി രൂപയുടെയും കോർപ്പറേഷനിൽ 40 കോടി രൂപയുടെയും സ്റ്റോക്കാണുള്ളത്. സ്റ്റോക്ക് വിവിധ ഗോഡൗണുകളിൽ വിറ്റഴിക്കാതെ കെട്ടികിടക്കുന്നത് കയർ ഉത്പാദനത്തെയും കയർസംഘങ്ങളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.
കയർഫെഡിന്റെ സ്വന്തം ഗോഡൗണിൽ സ്ഥലം കുറവായതിനാൽ 21 ഗോഡൗണുകൾക്ക് പ്രതിമാസ വാടകയായി 5.5 ലക്ഷം രൂപ നൽകുന്നുമുണ്ട്. കയർഫെഡ് ജനറൽ മാനേജർ വി.ബിജു, റീജിയണൽ ഓഫീസർ എസ്.ജയപ്രകാശ്, കയർ കോർപ്പറേഷൻ ജനറൽ മാനേജർ എൻ.സുനിൽരാജ്, ഫിനാൻസ് ഓഫീസർ ഷമി സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിസന്ധി പരിഹരിക്കാൻ കമ്മിറ്റി
കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി പി.രാജീവ് കഴിഞ്ഞദിവസം ഗോഡൗണുകൾ സന്ദർശിച്ചതിന് പിന്നാലെയാണിത്.
നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കയർ വികസന ഡയറക്ടർ, കയർഫെഡ് ചെയർമാൻ, ജനറൽ മാനേജർ, കയർ കോർപ്പറേഷൻ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നിവരടങ്ങിയ സ്റ്റോക്ക് ക്ലിയറൻസ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ പേമെന്റ്
കയർഫെഡിന്റെ 51 ഷോറൂമുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഡിജിറ്റൽ പേമെന്റ് പദ്ധതി ആരംഭിച്ചു. പ്രൊഡക്ഷൻ യൂണിറ്റുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ പി.വി.സി യൂണിറ്റ് പ്രവർത്തനക്ഷമമാക്കി. പ്രൊഡക്ഷൻ യൂണിറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടിയായി. കയർ ഭൂവസ്ത്രവിതാന പദ്ധതി കയർഫെഡ് ഏറ്റെടുത്ത് നടത്തുകയാണെന്നും പ്രസിഡന്റ് ടി.കെ.ദേവകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |