കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും ലൈഫ് ഇൻഷ്വറൻസ് പോളിസിയിലേക്കും അടയ്ക്കാനായി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കെ.എസ്.ആർ.ടി.സി പിടിച്ചതുക ആറുമാസത്തിനകം അതത് പദ്ധതികളുടെ അക്കൗണ്ടുകളിലേക്ക് അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ശമ്പളത്തിൽനിന്ന് പിടിച്ചതുക വകമാറ്റിച്ചെലവാക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി. പാലക്കാട് സ്വദേശി എസ്.എ. സുനീഷ്‌കുമാർ ഉൾപ്പെടെ 106 ജീവനക്കാർ നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി.
കെ.എസ്.ആർ.ടി.സിയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ 2014 മുതലുള്ള കണക്കനുസരിച്ച് 333.36 കോടി രൂപയാണ് ഈയിനത്തിൽ അടയ്‌ക്കേണ്ടത്. കൊവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിമൂലം 81.73 കോടി രൂപ മാത്രമാണ് അടച്ചതെന്നും 251.63 കോടി രൂപ കുടിശികയാണെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ഹർജിക്കാരുടെ കുടിശികമാത്രം അടയ്ക്കാൻ 15 കോടിരൂപ വേണം. പ്രതിമാസ കളക്‌ഷനിൽനിന്ന് ഇത്രയുംതുക നീക്കിവയ്ക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. ഇതിനായി സർക്കാർ സഹായം നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കണം.
9000ലേറെ ജീവനക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്. ഇവരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതത്തിന് പുറമേ കെ.എസ്.ആർ.ടി.സിയുടെ വിഹിതവും അടയ്ക്കണം. കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവനക്കാരുടെ ശമ്പളം നൽകുന്നതുപോലും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണെന്നും വിശദീകരിച്ചിരുന്നെങ്കിലും ഈ വാദങ്ങളൊന്നും സിംഗിൾബെഞ്ച് അംഗീകരിച്ചില്ല.
വി.ആർ.എസ് വാർത്ത
തള്ളി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം; നിർബന്ധിതമായി സ്വയം വിരമിക്കൽ (വി. ആർ. എസ്) നടപ്പാക്കുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നിർബന്ധിത വി.ആർ.എസിനുള്ള സാദ്ധ്യത വിദൂരമാണ്. അതിനായി ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല.മുമ്പും ഇത്തരം വാർത്തകൾ വന്നിട്ടുണ്ട്. നിർബന്ധിത വി.ആർ.എസ് എന്നുപറയുന്നത് തന്നെ തെറ്റാണ്. 1243 ജീവനക്കാരിൽ ജോലിക്ക് വരാത്തവരുണ്ട്. അറുന്നൂറോളോം ജീവനക്കാർ പല മാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അങ്ങനെ വരാത്തവർക്ക് വേണ്ടി രണ്ട് വർഷം മുമ്പ് വി.ആർ.എസ് നടപ്പാക്കാൻ സർക്കാരിന് 200 കോടിയുടെ നിർദ്ദേശം സമർപ്പിച്ചത്. പണം അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ അതുപേക്ഷിച്ചു. അതിനുശേഷം പകുതി ശമ്പളത്തോടെയുള്ള അവധി നൽകി ഫർലോ ലീവ് നടപ്പാക്കി. സ്ഥിരമായി ഡ്യൂട്ടിക്ക് വരാത്ത 2000 പേരെങ്കിലും ഫർലോ ലീഫ് പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ 4 കോടിയോളം രൂപ പ്രതിമാസം ശമ്പളത്തിൽ കുറയുമായിരുന്നു. അതും പരാജയപ്പെട്ടു. നിർബന്ധിത വി.ആർ.എസ് നടപ്പാക്കുമെന്ന പ്രചാരണം ജീവനക്കാർക്ക് മനോവിഷമം ഉണ്ടാക്കാനേ ഉപകരിക്കൂ, വി.ആർ.എസ് നടപ്പാക്കിയാൽ അംഗീകൃത യൂണിയനുകളുമായി ചർച്ച ചെയ്യുമെന്നും മാനേജ്മെന്റ് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |