കണ്ണൂർ: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കേരള കത്തോലിക്കാ കോൺഗ്രസ്. എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി.
'കോടിയേരി ബാലകൃഷ്ണൻ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദൻ മറക്കരുത്. പ്രസ്‌താവന തിരുത്തണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. മൂന്നാം പിണറായി സർക്കാർ വരണോയെന്ന് അവർ ആലോചിക്കണം. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദൻ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്'- ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനമാണ് എംവി ഗോവിന്ദൻ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ ഗോവിന്ദൻ ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി ജാമ്യം കിട്ടിയപ്പോൾ അമിത് ഷായെ സ്തുതിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെതിരായാണ് കത്തോലിക്ക കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഫാസിസ്റ്റ് ശക്തികളോട് ഉപമിച്ചുകൊണ്ട് ഗോവിന്ദന്റെ പരാമർശങ്ങളെ അതിരൂപത കുറ്റപ്പെടുത്തി.
ഗോവിന്ദന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് അവസരവാദിയെന്ന വിശേഷണത്തിന് യോജിച്ചവൻ. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുത്. അദ്ദേഹത്തിന്റെ പെരുമാറ്റം സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്തുന്നുവെന്നും തലശ്ശേരി അതിരൂപത ചൂണ്ടികാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |