ന്യൂഡൽഹി:എച്ച് 3 എൻ 2 വൈറസ് മൂലമുള്ള നീണ്ട് നിൽക്കുന്ന പനിയും ചുമയും ശ്വാസതടസവും രാജ്യത്ത് മൂന്ന് മാസമായി വ്യാപിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.ചില ലക്ഷണങ്ങൾ കൊവിഡിന് സമാനമാണെങ്കിലും വൈറസ് ജീവന് ഭീഷണിയല്ല. മറ്റ് വൈറസുകളെ അപേക്ഷിച്ച് രോഗം ശമിക്കാൻ സമയമെടുക്കും. ആശുപത്രി വാസം നീളും.
രോഗ ലക്ഷണങ്ങൾ
പനിയും ദീർഘകാലം നീളുന്ന, നെഞ്ചിൽ ഭാരം തോന്നിക്കുന്ന വരണ്ട ചുമയും ശ്വാസതടസവും. ഛർദ്ദി, ഓക്കാനം, തൊണ്ടവേദന, ശരീരവേദന, അതിസാരം എന്നിവയും കാണാം.
ആശുപത്രിയിൽ ചികിത്സ തേടിയവരിൽ 16 % പേർക്ക് ന്യൂമോണിയ ബാധിച്ചു. റിപ്പോർട്ട് ചെയ്ത പനി കേസുകളിൽ 40% എച്ച് 3 എൻ 2 ബാധയാണെന്ന് വിദദ്ധർ പറയുന്നു. ഇതേ വൈറസ് ബാധിച്ച നിരവധി പേർ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിലെത്തുന്നു. സുഖം പ്രാപിച്ച ശേഷവും ലക്ഷണങ്ങൾ വളരെക്കാലം നിൽക്കുന്നു. ഇത്തരം ഇൻഫ്ലുവൻസ ബാധിച്ചാൽ അഞ്ച് വയസിൽ താഴെയുള്ളവരിലും 65 വയസിന് മുകളിലുള്ളവരിലും സങ്കീർണ്ണതകൾക്ക് സാദ്ധ്യത കൂടുതലാണ്. ഗർഭിണികളെയും ദീർഘകാലമായി മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ഗുരുതരമായി ബാധിച്ചേക്കാം. ഇത്തരം വൈറസ് ബാധകൾ അസാധാരണമല്ലെന്നും എല്ലാ വർഷവും ജനുവരി, ഫെബ്രുവരിയിൽ കാലാവസ്ഥാ വ്യതിയാനം കാരണം വൈറസ് കേസുകൾ വർദ്ധിക്കാറുണ്ടെന്നും വിദദ്ധർ പറയുന്നു.
ആൾക്കൂട്ടം ഒഴിവാക്കുക,
മാസ്‌ക് ധരിക്കുക
ജനക്കൂട്ടമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. സോപ്പുപയോഗിച്ച് പതിവായി കൈ കഴുകണം. മൂക്കിലും വായിലും തൊടരുത്. ജലാംശം നിലനിർത്താൻ നന്നായി വെള്ളം കുടിക്കണം. പനിയും ശരീരവേദനയും ഉണ്ടായാൽ പാരസെറ്റമോൾ കഴിക്കണം.
ഇത്തരം കേസുകളിൽ ആന്റിബയോട്ടിക്കുകൾ വിവേചന രഹിതമായി ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകൾ നൽകാതെ രോഗലക്ഷണങ്ങൾക്ക് മാത്രമേ ഡോക്ടർമാർ ചികിത്സ നൽകാവു
--ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |