തൃക്കാക്കര: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിയും പുകപടലങ്ങളും ശമിക്കുന്നില്ല. നാലുദിവസം പിന്നിട്ടിട്ടും തീപിടിത്തം പൂർണമായും അണയ്ക്കാനാവാതെ വലയുകയാണ് അഗ്നിശമന സേന.
പ്ലാന്റിന്റെ വടക്ക് വശത്ത് കടമ്പ്രയാറിനോട് ചേർന്ന് തീ പടരുന്നുണ്ട്. ഫയർ ഫോഴ്സ് ജീവനക്കാർക്ക് ആ പ്രദേശങ്ങളിലേയ്ക്ക് കടന്നുചെല്ലാൻ സാധിച്ചിട്ടില്ല. ജെ.സി.ബി ഉപയോഗിച്ച് മാലിന്യകൂമ്പാരത്തിനിടയിലൂടെ ഫയർഫോഴ്സിന്റെ വാഹനങ്ങൾ കയറ്റുന്നതിനായി മാർഗം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതുകൊണ്ട് കാര്യമായ ഫലം കാണുന്നില്ല.
അഗ്നിശമന സേനയുടെ ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള യൂണിറ്റുകളും തൃക്കാക്കര, ആലുവ, പട്ടിമറ്റം, തൃപ്പുണിത്തുറ, ക്ലബ് റോഡ്, അരൂർ യൂണിറ്റുകളും നാവികസേനയുടെ നാല് യൂണിറ്റുകളും ഉൾപ്പെടെ 32 ഫയർ എൻജിനുകളാണ് രംഗത്തുള്ളത്. തൊട്ടരികിലെ കടമ്പ്രയാറിൽ നിന്നും അമ്പലമേട് എഫ്.എ.സി.ടി.യുടെ തടാകത്തിൽ നിന്നും വെള്ളം എടുക്കുന്നുണ്ട്.
കൂടുതൽ ഹിറ്റാച്ചി
മാലിന്യകൂമ്പാരത്തിനിടയിലൂടെ ഫയർ എൻജിനുകൾക്ക് വഴിയൊരുക്കണമെങ്കിൽ കൂടുതൽ ഹിറ്റാച്ചികൾ വേണണമെന്ന് ഫയർഫോഴ്സ് അധികൃതർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. രണ്ട് ഹിറ്റാച്ചികളാണ് ഇപ്പോഴുള്ളത്. രൂക്ഷമായ പുക വരുന്നതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കടിയിൽ തീ ഉണ്ടെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ് . ഈ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം മറിച്ചിട്ടശേഷം വീണ്ടും നനച്ചാൽ മാത്രമേ കൂടുതൽ തീയും പുകയും പടരുന്നത് തടയാനാവൂ.
മാലിന്യ വാഹനം തടഞ്ഞു
തീയിലമർന്ന ബ്രഹ്മപുരം പ്ളാന്റിലേക്ക് ഇന്നലെ മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചി കോർപ്പറേഷന്റെയും ചേരാനല്ലൂർ പഞ്ചായത്തിന്റെയും പത്തോളം മാലിന്യ ലോറികളാണ് ബ്രഹ്മപുരം പാലത്തിനു സമീപം തടഞ്ഞ് മടക്കിവിട്ടത്. വടവുകോട് - പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ഇത്.. ഇന്ന് മുതൽ പന്തൽ കെട്ടി അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു
ഏകോപന സമിതി
പ്രവർത്തനങ്ങൾ ഏകോപി പ്പിക്കാനും കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി, ജില്ലാ ഫയർ ഓഫീസർ, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ, അഡീഷണൽ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ബി.പി.സി.എൽ, സിയാൽ, കെ.എസ്.ഇ.ബി പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ.
1.81 കോടി പി.സി.ബി. പിഴ
കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തതിന് പിന്നാലെ കൊച്ചി കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി ) കാരണം കാണിക്കൽ നോട്ടീസ്. തീപിടിത്തം ഗുരുതര പരിസ്ഥിതി മലിനീകരണത്തിന് കാരണമാക്കിയെന്ന വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. പിഴശിക്ഷയായി 1.81 കോടി രൂപ നൽകണമെന്നും നോട്ടീസിൽ പറയുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്താൻ പി.സി.ബി ആലോചിക്കുന്നുണ്ട്.
സ്കൂൾ ഇന്ന് അവധി
പുകശല്യം ഉള്ളതിനാൽ വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും എല്ലാ സ്കൂളുകളിലെയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് മാറ്റമില്ല
പുകയിൽ മുങ്ങി കൊച്ചി
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള രൂക്ഷമായ പുകപടലം ഇന്നലെയും കൊച്ചിയിലും പരിസരത്തും നിറഞ്ഞു. വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകൾ തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെ വെളുപ്പിനും രാത്രിയിലും രൂക്ഷമായ പുക ശ്വസിച്ച് നിരവധി പേർക്ക് ശ്വാസതടസമുണ്ടായി. എങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് ആശുപത്രികളെ സമീപിച്ചത്.
എറണാകുളം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, വടവുകോട് സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി.
എറണാകുളം മെഡിക്കൽ കോളേജിൽ പത്ത് ഓക്സിജൻ ബെഡുകളും പത്ത് ഐ.സി.യു. ബെഡുകളും തയ്യാറാണ്. ഇന്നലെ എട്ടുമണിവരെ ആരും ചികിത്സ തേടിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ 100 ബെഡുള്ള ഓക്സിജൻ വാർഡ് തുറന്നു. 50 നോൺ ഓക്സിജൻ ബെഡുകളും ഇന്നലെ രാത്രിയോടെ തയാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ഷാഹിർഷാ പറഞ്ഞു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ 20 ബെഡുകൾ ഒരുക്കി. ശ്വാസകോശ പ്രശ്നങ്ങളുള്ള മൂന്നുപേർ ഇവിടെ ചികിത്സ തേടി. ആരും അഡ്മിറ്റായിട്ടില്ലെന്ന് സൂപ്രണ്ട് സി. സുമ പറഞ്ഞു.
സജ്ജമായി വടവുകോട് കമ്മ്യൂണിറ്റി സെന്റർ
ബാബു പി. ഗോപാൽ
കോലഞ്ചേരി: ബ്രഹ്മപുരത്തെ തീയും പുകയും സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിസന്ധി നേരിടാൻ തയ്യാറായി വടവുകോട് കമ്മ്യൂണിറ്റി സെന്റർ. അടിയന്തര സ്മോക്ക് ഒ.പി ഇവിടെ തുറന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച ഉച്ചവരെയും ഒ.പി. പ്രവർത്തിക്കും. ഇന്നു മുതൽ ഇരുപത്തിനാല് മണിക്കൂറും ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ഇന്നലെ വടവുകോട് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉച്ച കഴിഞ്ഞും മഴുവന്നൂർ പി.എച്ച്.സിയിലെ ഡോക്ടർ രാത്രിയിലും സേവനത്തിനുണ്ടായി. പൾമനോളിജിസ്റ്റിന്റെ സേവനം ഉടനെ ലഭ്യമാക്കും. തൃപ്പൂണിത്തുറ, എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജിലുമാണ് പൾമനോളജിസ്റ്റുള്ളത്. വടവുകോട്ടിലെത്തുന്ന രോഗികളെ കാഷ്വാലിറ്റി ഡോക്ടർ പരിശോധിച്ച ശേഷം ഗുരുതരമായി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മൂന്നിടത്തേയ്ക്കും റഫർ ചെയ്യും. ആശുപത്രയിൽ അഞ്ച് ഓക്സിജൻ സിലണ്ടറുകൾ സജ്ജമാക്കി. അത്യാവശ്യം വേണ്ട മരുന്നുകളും ശേഖരിച്ചിട്ടുണ്ട്. പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്ന് , രണ്ട് , പതിനേഴ് വാർഡുകളിലാണ് ബ്രഹ്മപുരത്തെ പുക പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളത്. മൂന്നിടത്തും ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കുന്നുണ്ട്. ആരോഗ്യ സേനയുടെ പ്രവർത്തനവും വാർഡുകളിൽ ശക്തമാക്കി. മൂന്നു വാർഡുകളിലുായി ആറായിരത്തോളം പേരാണുള്ളത്. ചെറിയ തലവേദന, ചർദ്ദിക്കാനുള്ള തോന്നൽ എന്നീ ബുദ്ധിമുട്ടുകൾ ആണുള്ളത്. ആരും ഇതു വരെ ആശുപത്രിയിൽ എത്തേണ്ട സാഹചര്യവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |