SignIn
Kerala Kaumudi Online
Tuesday, 30 May 2023 6.08 AM IST

'റീട്ടെയിൻ തേജ സർ'! 'കളക്ടർ മാമൻ' പടിയിറങ്ങുക ആ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കിയ ശേഷം; ഇങ്ങനെയൊക്കെയാണ് ആന്ധ്രക്കാരൻ കൃഷ്ണ തേജ ആലപ്പുഴക്കാരുടെ പ്രിയപ്പെട്ടവനായത്

krishna-theja

ആലപ്പുഴ: ആലപ്പുഴക്കാർ ഇത്രത്തോളം നെഞ്ചേറ്റിയ മറ്റൊരു കളക്ടർ ഉണ്ടാവില്ലെന്നുറപ്പ്. ആന്ധ്രക്കാരനെങ്കിലും ചുരുങ്ങിയ നാളുകൾക്കുള്ളിൽ ആലപ്പുഴക്കാരനായി മാറിയ കളക്ടർ വി.ആർ. കൃഷ്ണതേജ തൃശൂരിലേക്കു സ്ഥലംമാറിപ്പോകാനൊരുങ്ങുമ്പോൾ, സ്വന്തം വീട്ടിൽ നിന്നൊരാൾ യാത്ര പറഞ്ഞിറങ്ങുന്ന 'ഫീൽ' ആണ് നാട്ടിലെ കുട്ടികൾ മുതലുള്ളവർക്ക്.

ആലപ്പുഴയിൽ സബ് കളക്ടറായിരിക്കെ പ്രളയകാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ 'ഐ ആം ഫോർ ആലപ്പി' പദ്ധതിയാണ് കൃഷ്ണതേജയെ ജനകീയനാക്കിയത്. ക്രിമിനൽ കേസ് പ്രതി കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചപ്പോഴുണ്ടായ ജനരോഷം ശമിപ്പിക്കാൻ കഴിഞ്ഞ ആഗസ്റ്റിലാണ് വി.ആർ.കൃഷ്ണതേജയെ പകരമെത്തിച്ചത്. ജനങ്ങളുടെ അധിക്ഷേപം ഭയന്ന് കെട്ടിപ്പൂട്ടിയ, കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ കമന്റ് ബോക്സ് വീണ്ടും തുറന്നപ്പോൾ ആശംസാപ്രവാഹമായിരുന്നു. കൃഷ്ണതേജ ജില്ലവിടുന്നു എന്നറിഞ്ഞതോടെ ജനകീയ കളക്ടറെ കൈവിടുന്നതിന്റെ സങ്കടത്തിലാണ് ആലപ്പുഴക്കാർ. നാളെക്കൂടി കൃഷ്ണതേജ ആലപ്പുഴയിലുണ്ടാവും.

# തിരികെപ്പടിച്ചു നെഹ്രുട്രോഫി

പ്രളയകാലത്ത് ജനങ്ങൾക്കൊപ്പം നിന്ന അന്നത്തെ സബ് കളക്ടർ കൃഷ്ണതേജ, കഴിഞ്ഞ ആഗസ്റ്റിൽ കളക്ടറായി തിരികെയെത്തിയത് പ്രകൃതിക്ഷോഭവും റെഡ് അലർട്ടും നിറഞ്ഞുനിന്ന സാഹചര്യത്തിലായിരുന്നു. ഐ ആം ഫോർ ആലപ്പി എന്ന ബൃഹത്തായ പദ്ധതിയുടെ തിരിച്ചുവരവിന് കൂടി ഈ സാഹചര്യം പ്രയോജനപ്പെട്ടു. മുടങ്ങിക്കിടന്ന നെഹ്രുട്രോഫി ജലോത്സവം പുനരാരംഭിച്ചതിന്റെയും ക്രെഡിറ്റ് കൃഷ്ണതേജയ്ക്കുതന്നെ.

# വാത്സല്യനിധിയായ 'കളക്ടർ മാമൻ'

കളക്ടറായി ചുമതലയേറ്റ ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവ് കുട്ടികൾക്കുള്ളതായിരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുള്ള കുറിപ്പിൽ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞു നിന്നു. കുറിപ്പിന് മറുപടിയായി വന്ന ആയിരക്കണക്കിന് കമന്റുകളിൽ പലരും 'കളക്ടർ മാമനെ'ന്ന് അഭിസംബോധന ചെയ്തു. ഇതോടെ രണ്ടാം ദിവസം കുട്ടികൾക്കുള്ള കുറിപ്പിൽ കളക്ടർ മാമനെന്ന് കൃഷ്ണതേജ സ്വയം വിശേഷിപ്പിച്ചു.

കൊവിഡ് കാലത്ത് രക്ഷിതാക്കൾ നഷ്ടപ്പെട്ടതും പലവിധ പ്രതിസന്ധികളിൽ പഠനം മുടങ്ങിയവരുമായ ധാരാളം കുട്ടികൾക്ക് അദ്ദേഹം കൈത്താങ്ങായി. കള്കടറുടെ ഔദ്യോഗിക കസേരയിൽ തൊടാൻ ആഗ്രഹിച്ച വിദ്യാർത്ഥിനിയെ അതേ കസേരയിൽ ഇരുത്തിയാണ് അദ്ദേഹം സ്നേഹം പ്രകടിപ്പിച്ചത്. ഏഴ് മാസം നീണ്ട ആലപ്പുഴയിലെ ഔദ്യോഗിക ജീവിതത്തിനിടെ നൂറ് കണക്കിന് വിദ്യാ‌ർത്ഥികളാണ് കൃഷ്ണതേജയുടെ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചത്.

ജില്ലയിൽ കൊവിഡ് അനാഥരാക്കിയ 293ാ മത്തെ കുട്ടിക്കു സ്കോളർഷിപ്പ് അനുവദിക്കുന്ന ഫയലിലാണ് ചുമതലയൊഴിയുന്നതിന് മുമ്പ്, അവസാനമായി അദ്ദേഹം ഒപ്പിടുക. തൃശൂർ കലക്ടറായി ഏതാനും ദിവസത്തിനു ശേഷം അദ്ദേഹം ചുമതലയേൽക്കും.

# വി ആർ ഫോർ ആലപ്പി

ഐ ആം ഫോർ ആലപ്പി വികസിപ്പിച്ച് 'വി ആർ ഫോർ ആലപ്പി' പദ്ധതിയാക്കി. കൈത്താങ്ങ് അർഹിക്കുന്നവർക്ക് സ്പോൺസർമാരെ കണ്ടെത്തി സഹായം ഉറപ്പാക്കി. കളക്ടറുടെ ഇടപെടലുകളിൽ നിന്ന് പ്രചോദനമുണ്ടായി, സ്വന്തം പെൻഷൻ പണം വിനിയോഗിച്ച് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത ആലപ്പുഴ സ്വദേശി അനിത ടീച്ചറെപ്പോലെ ആയിരക്കണക്കിന് പേർ പദ്ധതിയുടെ ഭാഗമായി.

# ഒത്തിരി നന്മയുണ്ട്, ഒരുപിടി നന്മയിൽ

ജില്ലയിലെ 3600 അതിദരിദ്ര കുടുംബങ്ങളുടെ പട്ടിണിയകറ്റാൻ കൃഷ്ണതേജ ആവിഷ്കരിച്ച പദ്ധതിയാണ് ചിൽഡ്രൻ ഫോർ ആലപ്പി - ഒരുപിടി നന്മ. കളക്ടർ മാമനെ അത്രത്തോളം സ്നേഹിക്കുന്ന കുട്ടികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഓരോ വിദ്യാർത്ഥിയും തങ്ങളാൽ കഴിയുംവിധം വീട്ടാവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങൾ സ്കൂളിലെത്തിക്കും. അവിടെ നിന്ന് ജില്ലാ ഭരണകൂടം വഴി അർഹരിലെത്തിക്കുന്നതായിരുന്നു പദ്ധതി.

# 'റീട്ടെയിൻ തേജ സർ'

വി.ആർ.കൃഷ്ണതേജയെ കളക്ടർ സ്ഥാനത്ത് ഒരു വർഷം കൂടിയെങ്കിലും തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ആലപ്പുഴക്കാരുടെ ഹാഷ് ടാഗ് കാമ്പയിൻ ആരംഭിച്ചു. 'റീട്ടെയിൻ തേജ സർ' എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DISTRICT COLLECTOR ALAPPUZHA, KRISHNA THEJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.