കൊല്ലം: നേട്ടങ്ങളുടെ നെറുകയിലേക്ക് അഞ്ജന ചാടിക്കടക്കുന്നതിന്റെ സന്തോഷം വീട്ടിലൊന്ന് പറഞ്ഞ് ചിരിച്ചിട്ടില്ല, അയൽപക്കത്തേക്ക് ഉറക്കെ വിളിച്ചുപറഞ്ഞിട്ടുമില്ല!. കൊട്ടാരക്കര മുട്ടറ ലേഖ സദനം വീടും അയൽവീടും എന്നും മൂകമാണ്. മിണ്ടാനും കേൾക്കാനും പറ്റാത്ത എട്ടുപേരാണ് രണ്ട് ചെറുവീടുകളിലായി കഴിയുന്നത്.
അതിലൊരു മിടുക്കി എ.ആർ.അഞ്ജന(17) മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയിരിക്കുകയാണ്. മുട്ടറയിലെ ലോട്ടറി വില്പനക്കാരനായ ജി.അനിൽകുമാറിന്റെയും തയ്യൽജോലി ചെയ്യുന്ന രജിതയുടെയും രണ്ട് മക്കളിൽ ഇളയയാളാണ് അഞ്ജന. തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോർ ഡഫിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഞ്ജന.
വീട്ടിൽ അച്ഛനും അമ്മയും മൂത്ത സഹോദരൻ അർജുനും ബധിരരും മൂകരുമാണ്. അനിൽകുമാറിന്റെ സഹോദരി സുലേഖയാണ് അയൽവീട്ടിലെ താമസക്കാർ. സുലേഖയും ഭർത്താവ് മനോജും മക്കൾ അമൃതയും അനന്തലക്ഷ്മിയും സമാനരീതിയിൽ ബധിരമൂക കുടുംബമാണ്. കുട്ടിക്കാലം മുതൽ ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ സമ്മാനങ്ങൾ വാരിക്കൂട്ടിയ അഞ്ജന പത്താം ക്ലാസിൽ എട്ട് എ പ്ലസ് ഉൾപ്പെടെ നേടി.
ഓടിച്ചാടി നേടി
സംസ്ഥാന കായിക മേളയിൽ നിരവധി ഇനങ്ങൾക്ക് ഒന്നാം സ്ഥാനക്കാരിയായിട്ടാണ് അഞ്ജന ഇൻഡോറിലേക്ക് വണ്ടികയറിയത്. ഹൈജംപ്, ലോംഗ് ജംപ് എന്നിവയ്ക്ക് ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തോടെ സ്വർണം നേടി. 400 മീറ്റർ ഓട്ടത്തിന് വെള്ളി മെഡലും ലഭിച്ചു. അഞ്ജന തിരികെ വീട്ടിലെത്തിയപ്പോൾ ബന്ധുക്കളെല്ലാം സന്തോഷത്തോടെ ഒത്തുകൂടിയിരുന്നു. വാട്സ് ആപ്പിൽ മെസേജ് ഇട്ട് വിജയം നേരത്തെ വീട്ടിലറിയിച്ചിരുന്നു. കൈകൊട്ടിയും ആഗ്യഭാഷയിലും അവർ സന്തോഷം മതിമറന്ന് ആഘോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |