കൊച്ചി: കാർബൺ പുറംതള്ളുന്നതിൽ ഇന്ത്യയുടെ സമുദ്രമത്സ്യമേഖല ആഗോള ശരാശരിയിലും വളരെ താഴെയെന്ന് പഠനറിപ്പോർട്ട്. കടലിൽ നിന്ന് ഒരു ടൺ മത്സ്യം ഉത്പാദിപ്പിക്കുന്നതിന് 1.32 ടൺ കാർബൺ ഡയോക്‌സൈഡാണ് ഇന്ത്യ പുറത്തുവിടുന്നത്. ആഗോളതലത്തിൽ രണ്ട് ടണ്ണാണ് ശരാശരി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
മത്സ്യബന്ധനത്തിനുള്ള മുന്നൊരുക്കം മുതൽ മത്സ്യം വിപണിയിലെത്തുന്നത് വരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതകങ്ങളുടെ കണക്കാണിത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആർ.ഐ നടത്തിയ പഠനമാണിത്.
മുഴുവൻ തീരദേശസംസ്ഥാനങ്ങളിലെയും മത്സ്യബന്ധന കേന്ദ്രങ്ങളിലാണ് പഠനം നടത്തിയത്. കൃഷി, മൃഗസംരക്ഷണം, കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ കുറയ്ക്കുന്നതിനും ബദൽമാർഗങ്ങൾ ആരായുന്നതിനും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പഠനത്തിൽ മത്സ്യമേഖലയെക്കുറിച്ച് സി.എം.എഫ്.ആർ.ഐ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളും രണ്ട് സർവകലാശാലകളും പഠനം നടത്തുന്നുണ്ട്.
സമഗ്രഭൂപടം തയാറാക്കും
ചുഴലിക്കാറ്റ്, പ്രളയം എന്നിവയ്ക്ക് സാദ്ധ്യത, കടൽതീരങ്ങളിലെ മാറ്റങ്ങൾ, ഉഷ്ണതരംഗം, സമുദ്രനിരപ്പ് ഉയരൽ എന്നിവ തീരദേശമേഖലയിൽ കാലവസ്ഥാമാറ്റത്തിന്റെ പ്രധാന വിപത്തുകളാണ്. ഇവ ഉൾപ്പെടുത്തി മുഴുവൻ തീരദേശജില്ലകളിലെയും കാലാവസ്ഥാക്കെടുതികൾ അടയാളപ്പെടുത്തുന്ന സമഗ്രഭൂപടം തയ്യാറാക്കും.
ഗവേഷണം വിലയിരുത്തി
കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ കുറയ്ക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) നടപ്പാക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളായ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ കൊച്ചിയിൽ യോഗം ചേർന്നു. നിക്ര സമിതി അദ്ധ്യക്ഷൻ ഡോ.ബി. വെങ്കടേശ്വരുലു, അംഗം ഡോ.കെ.കെ. വാസ്, ഡോ.വി.കെ. സിംഗ്, ഡോ.എം. പ്രഭാകർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |