ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിണ്ടറുകൾ കാണാതായതായി പരാതി. ആറ് ഓക്സിജൻ സിലിണ്ടറുകളാണ് ലേബർവാർഡിൽനിന്ന് ഒരാഴ്ചമുമ്പ് കാണാതായത്. ബ്രഹ്മപുരത്തെ പുകയുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ എല്ലാ ആശുപത്രികളിലും ഓക്സിജൻ പാർലർ സജ്ജമാക്കണമെന്ന നിർദ്ദേശമുള്ളപ്പോഴാണ് ഫോർട്ടുകൊച്ചി ആശുപത്രിയിൽനിന്ന് സിലിണ്ടറുകൾ കാണാതാകുന്നത്. പൊലീസിന് പരാതി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി പറഞ്ഞു. ഫോർട്ട്കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചതായും ഇവിടെ സിലിണ്ടറുകൾ വെക്കുന്ന ഏജൻസി അധികൃതരെ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ആശുപത്രി അധികൃതരുടെ അറിവോടെയാണ് സിലിണ്ടറുകൾ കാണാതായിട്ടുള്ളതെന്ന ആക്ഷേപവുമായി എ.ഐ.വൈ.എഫ് രംഗത്തെത്തി. കൊച്ചി മണ്ഡലം പ്രസിഡന്റ് കെ.എ. അനൂപ്, സെക്രട്ടറി പി.കെ ഷിഫാസ്, കെ.എച്ച്. അനീഷ്, ഫയാസ് മുഹ്സിൻ എന്നിവർ ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ എന്നിവരുമായി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |