SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.11 PM IST

സാധിക സ്വന്തമാക്കാത്ത റെക്കാഡുകളില്ല, ചരിത്രത്തിലാദ്യമായി റോൾബാൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളം മെഡൽ നേടിയതും ഈ മിടുക്കി കാരണം

Increase Font Size Decrease Font Size Print Page
sadhika

കർണാടകയിലെ ബെൽഗാമിൽ നടന്ന ഈ വർഷത്തെ റോൾബാൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കേരള ടീമിന് നെടുന്തൂണായത് കൊടുങ്ങല്ലൂർക്കാരിയായ സാധികാരാജ്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത്. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കുകൊണ്ട മത്സരത്തിൽ തമിഴ്‌നാടിനോട് പരാജയപ്പെട്ടാണ് കേരള ടീം മൂന്നാം സ്ഥാനക്കാരായത്.

12 അംഗ ടീമിലെ മൂന്നാം നമ്പറുകാരിയായിരുന്നു സാധിക. ഒരേ സമയം ഗോളിയുൾപ്പടെ ആറ് പേർ പൊരുതുന്ന ഈ മത്സരത്തിലെ കൃത്യതയും വീറും വാശിയും കൊണ്ട് ഏറ്റവും ശ്രദ്ധനേടിയ കളിക്കാരി കൂടിയായി മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ സാധിക തിരഞ്ഞെടുക്കപ്പെട്ടു. വള്ളുപറമ്പിൽ രാജന്റെയും പരേതയായ ശ്രീജിതയുടെയും രണ്ടാമത്തെ മകളായ ഈ മിടുക്കി, നാല് തവണ സൗത്ത് സോൺ മത്സരത്തിൽ മാറ്റുരച്ച് രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടുകയും നാല് തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുകയുമുണ്ടായി.

നന്നെ ചെറുപ്പം മുതൽക്കെ റോളർ സ്‌കേറ്റിംഗിൽ പരിശീലനം ആരംഭിച്ചിരുന്ന സാധിക പിന്നീട്, മതിലകം സ്‌കൂളിലെ അദ്ധ്യാപകരായ ഷാജഹാൻ, ഷീബ എന്നിവരുടെ ശിക്ഷണത്തിൽ റോൾബാൾ കളിയിൽ ശ്രദ്ധയൂന്നുകയായിരുന്നു. ഈ കാലയളവിനുള്ളിൽ 24 മണിക്കൂർ റോൾബാൾ കളിച്ചു ഗിന്നസ് വേൾഡ് റെക്കാഡും 96 മണിക്കൂർ കളിച്ച് ബെസ്റ്റ് ഇന്ത്യ റെക്കാഡും ഗ്ലോബൽ റെക്കാഡ്, ഗ്ലോബൽ എക്‌സ്ട്രീം റെക്കാഡ്, ഗ്ലോബൽ നാഷണൽ റെക്കാഡ്, ഏഷ്യ പസഫിക് റെക്കാഡ്, ഇന്ത്യൻ ആച്ചീവർ ബുക്ക് ഒഫ് റെക്കാഡ്, രണ്ടു വട്ടം വീതം ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് എന്നിവയും സ്വന്തമാക്കിയിരുന്നു. നാലാം വയസിൽ അമ്മ നഷ്ടപ്പെട്ട സാധിക അമ്മയുടെ അച്ചനായ തോപ്പിൽ ശ്രീധരന്റെയും അമ്മൂമ്മ ഗീതയുടെയും സംരക്ഷണത്തിൽ കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്താണ് താമസം. റോൾബാൾ കളിയിലെ മികവിനൊപ്പം സ്‌കൂൾ ശാസ്ത്രമേളകളിലും തിളങ്ങിയിരുന്നു. വർക്കിംഗ് എക്‌സ്പീരിയൻസിൽ പനയോല കൊണ്ടുള്ള വസ്തുക്കളുണ്ടാക്കി സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്.

TAGS: KIDS, SADHIKA, ROLLBALL, NATIONAL, CHAMPIONSHIP, KERALA TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY