SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.06 AM IST

യുവതിക്കെതിരെ ലൈംഗികാതിക്രമം; വൈദികനെതിരെ കേസെടുത്തു, വികാരിക്ക് അവിഹിത ബന്ധങ്ങളെന്ന് ആക്ഷേപം

Increase Font Size Decrease Font Size Print Page
pic1

നാഗർകോവിൽ: അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളി ഇടവക വികാരിയായ ബെനഡിക്‌ട് ആന്റോയ്‌ക്കെതിരെയാണ് (30) കേസെടുത്തത്.

ആന്റോ ലൈംഗികമായ രീതിയിൽ ശല്യം ചെയ്‌തതായി കന്യാകുമാരി ജില്ലയിലെ 18കാരിയായ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. സൈബർ പൊലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. അതേസമയം, ബെനഡിക്‌ട് ആന്റോയെ മൂന്നു ദിവസമായി കാണാനില്ല. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സാപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്.

ഒരു സംഘം ആളുകൾ വീട്ടിലെത്തി ആക്രമിച്ച് ലാപ്‌ടോപ്പും മൊബൈൽഫോണും മറ്റും തട്ടിയെടുത്തെന്നു കാട്ടി ദിവസങ്ങൾക്ക് മുമ്പ് ബെനഡിക്‌ട് ആന്റോ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർത്ഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഓസ്റ്റിൻ ജിനോയുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് മേധവിയുടെ ഓഫീസിലെത്തി തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും ഹാജരാക്കി.

ബെനഡിക്‌ട് ആന്റോ പല യുവതികളോടും വാട്സാപ്പ് ചാറ്റിലും കോളിലും അശ്ലീല സംഭാഷണങ്ങൾ ചെയ്യുന്നത് പതിവായിരുന്നു എന്നാണ് സൂചന. തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും ഓസ്റ്റിൻ ജിനോയുടെ അമ്മ മിനി അജിത പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER