ശംഖുംമുഖം: നിരന്തരം പരാതികൾ ഉയർന്നിട്ടും തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷിയിടി ഒഴിവാക്കാൻ നടപടിയില്ല. അതേസമയം രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് രണ്ടു ദിവസം വിമാനത്താവളത്തിന് ചുറ്റുമുള്ള അറവുശാലകൾക്കും ഇറച്ചിക്കടകൾക്കും നഗരസഭ നിരോധനം ഏർപ്പെടുത്തിയിരുന്നു.
വീഴ്ച മറയ്‌ക്കാനായിരുന്നു ഇത്. ദിവസവും ലാൻഡിംഗിന് നടത്തുന്ന വിമാനങ്ങൾ പലപ്പോഴും പക്ഷിയിടിൽ നിന്നും രക്ഷപെടുന്നത് തലനാരിഴയ്‌ക്കാണ്. ലാൻഡിംഗിന് തയ്യാറായി എത്തുന്ന വിമാനത്തിന്റ മുന്നിലേക്ക് പക്ഷികൾ കൂട്ടമായി പറന്നടുക്കുന്നതാണ് ഇവിടത്തെ സ്ഥിതി. പക്ഷിയിടി ഒഴിവാക്കാൻ മുൻകരുതലുകളെടുക്കണമെന്ന് പൈലറ്റുമാരടക്കം നൽകിയ പരാതികൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്.എയർക്രാഫ്റ്റ് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ മാംസ വില്പനശാലകളുണ്ടാവരുത്. ഇത് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാം. എന്നാൽ വലിയൊരു ദുരന്തം നടക്കുന്നത് വരെ ഒരു നടപടിയുമെടുക്കില്ലെന്ന വാശിയിലാണ് അധികൃതർ.
ഏറ്റവും കൂടുതൽ ഇവിടെ
രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവുമധികം പക്ഷിയിടി നടക്കുന്നത് തിരുവനന്തപുരത്താണെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. 20,000 വിമാന നീക്കങ്ങൾ നടക്കുമ്പോൾ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തിൽ പക്ഷിയിടിക്കുന്നുണ്ട്. വിമാനത്താവള പരിസരങ്ങളിലെ പക്ഷി ശല്യമൊഴിവാക്കാൻ നടപടികൾ കൈകൊള്ളുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നു. വിമാനത്താവള പരിസരങ്ങളിലെ മാലിന്യം ദിനംപ്രതി നീക്കം ചെയ്യാനും അതിനായി വിമാനത്താവള നടത്തിപ്പ് അവകാശമുള്ളവരും നഗരസഭയും ഒന്നിച്ച് പ്രവർത്തിക്കാനും വിമാനത്താവള പരിസരത്ത് മാലിന്യം ഉണ്ടാകാതിരിക്കാനള്ള ശാശ്വതപരിഹാരപദ്ധതി തയ്യാറാക്കാനും തീരുമാനിച്ചെങ്കിലും തുടർപദ്ധതികൾ കടലാസിലൊതുങ്ങി.
സമിതിയുണ്ട് കാര്യമില്ല
വിമാനത്തവള പരിസരത്തെ മാലിന്യനീക്കത്തിന് തടയിടാൻ ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനും കളക്ടർ, മേയർ തുടങ്ങിയവർ അംഗങ്ങളുമായ ഉന്നതതല സമിതി നിലവിലുണ്ട്. സമിതി ഇടക്കിടെ യോഗം ചേരുന്നതല്ലാതെ തുടർനടപടികളൊന്നും ഫലപ്രദമാകുന്നില്ല. ഇറച്ചിക്കടകളും അറവുശാലകളും ഒഴിപ്പിക്കാതെയും പാർവ്വതി പുത്തനാറിലെ മാലിന്യ നിക്ഷേപം തടയാതെയും പക്ഷിയിടി തടയാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |