SignIn
Kerala Kaumudi Online
Thursday, 19 September 2024 7.13 AM IST

ഒരു കാൽ നഷ്‌ടപ്പെടാൻ കാരണക്കാരിയായ സ്ത്രീയെ അനീതിന് ഒരിക്കൽ കൂടി കാണണം, ഒരൊറ്റ കാര്യം പറയാൻ

Increase Font Size Decrease Font Size Print Page
aneeth-surendran

മസിൽ പെരുപ്പിച്ച് നടക്കുന്നവരോട് മലയാളികൾക്കുള്ള മനോഭാവം പലതാണ്. ശരീരത്തിന് നല്ല ഷെയ‌്പ്പും, അഴകും വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. പണ്ടൊക്കെ ജിമ്മിൽ പോകുന്നവരെല്ലാം മരുന്ന് കുത്തിവച്ചാണ് മസിൽ വീർപ്പിക്കുന്നതെന്ന തോന്നലിൽ നിന്നും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അവരിൽ മുഴച്ചു കാണുന്നതെന്ന യാഥാർത്ഥ്യബോധത്തിലേക്ക് മലയാളികളും വന്നു കഴിഞ്ഞു. കഠിനപ്രയത്നവും ക്ഷമാശീലവും കൊണ്ടുമാത്രമേ അഴകളവാർന്ന ശരീരം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ജില്ലാതലത്തിൽ തുടങ്ങി ലോകത്തിന്റെ നെറുകയിൽ വരെ മലയാളനാടിന്റെ പേര് ഉദ്‌ഘോഷിപ്പിക്കപ്പെട്ടവർ നിരവധിയുണ്ട് നമുക്കിടയിൽ. അവരിലേക്ക് ഒരു പേരുകാരൻ കൂടി വരികയാണ്...അനീത്.

aneeth

മദ്ധ്യപ്രദേശിൽ ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ മത്സരത്തിൽ 'മിസ്‌റ്റർ ഇന്ത്യ' ടൈറ്റിൽ പട്ടം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അനീത്. മിസ്‌റ്റർ ഇന്ത്യ പട്ടങ്ങൾ ഇതിന് മുമ്പ് മലയാളികളിൽ പലരും നേടിയിട്ടുണ്ടെങ്കിലും അനീതിന്റെ നേട്ടത്തിന് മാറ്റ് കൂടുതലാണ്. കാരണം ഭിന്നശേഷി വിഭാഗത്തിലാണ് അനീത് മത്സരിച്ച് വിജയം കരസ്ഥമാക്കിയത്.

aneeth-body-builder

ഇടതുകാൽ നഷ്‌ടമായത് 23ആം വയസിൽ

ജീവിതത്തിന്റെ ഏറ്റവും മധുരമായ കാലത്താണ് അനീതിന് ഇടതു കാൽ നഷ്‌ടമാകുന്നത്. 2012ൽ ആയിരുന്നു അപകടം. തിരുവനന്തപുരം ശാസ്ത‌മംഗലം- വെള്ളയമ്പലം റോഡിൽ വച്ച് അശ്രദ്ധമായി വന്ന കാർ അനീത് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാല് പൂർണമായും തകർന്നു. മുറിച്ചു മാറ്റുകയല്ലാതെ മറ്റ് മാർഗങ്ങളിലെന്ന ഡോക്‌ടർമാരുടെ തീരുമാനം അംഗീകരിക്കുകയേ അനീതിന്റെ കുടുംബത്തിന് വഴിയുണ്ടായിരുന്നുള്ളൂ. കാൽ മുറിച്ചു മാറ്റിയ കാര്യം അനീതിനെ ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നില്ല. പിന്നീട് മൂന്ന് ദീവസങ്ങൾക്ക് ശേഷം ചേട്ടനാണ് വിവരം പറഞ്ഞത്. ''മുറിക്കേണ്ട കാര്യമുണ്ടായിരുന്നോ'' എന്ന് മാത്രമേ ആ സമയത്ത് അനീത് ചോദിച്ചുള്ളൂ.

ജിമ്മിൽ പോകുന്നവരെ പിന്തിരിപ്പിച്ചു, ഒടുവിൽ മിസ്‌റ്റർ ഇന്ത്യയായി

ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അനീതിന് ഏറ്റവും വെറുപ്പ് ജിമ്മിൽ പോകുന്നവരോടായിരുന്നു. ജിമ്മിൽ പോയാൽ ശരീരത്തിന്റെ ഫ്ളെക്‌സിബിലിറ്റി നഷ്‌ടമാകും എന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ അപകടത്തിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ‌്ക്കിടെ ശ്രദ്ധയിൽപ്പെട്ട കൊല്ലംകാരനായ ബോഡ‌ിബിൽഡർ ബുഹാരിയുടെ ജീവിതം അനീതിനെ സ്വാധീനിച്ചു. പോളിയോ ബാധിതനായ ബുഹാരി ശരീര സൗന്ദര്യ മത്സരങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അനീതിന്റെ തുടർന്നുള്ള ജീവിതത്തിന് ചാലക ശക്തിയായി മാറുകയായിരുന്നു.

aneeth-mr-india

വീടിന് സമീപമുള്ള ജിമ്മിലായിരുന്നു ആദ്യഘട്ടത്തിലെ പരിശീലനം. സുഹൃത്തുക്കളുടെ വലിയ പിന്തുണ യാത്രയുടെ കാര്യത്തിലടക്കം അനീതിനുണ്ടായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെ സൗത്തിന്ത്യൻ ലെവൽ മത്സരങ്ങളിൽ ജേതാവായി. മകൻ ജനിച്ചതിന് ശേഷം കുറച്ചുനാൾ ജിമ്മിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ആ ഗ്യാപ്പിൽ ശരീരം വണ്ണം വയ‌്ക്കാൻ ആരംഭിച്ചു. തുടർന്ന് ഭാര്യ അഞ്ചുവിന്റെ പിന്തുണയും പ്രേരണയും അനീതിനെ വീണ്ടും ജിമ്മിലെത്തിച്ചു. ഇതിനിടെ സർക്കാർ ജോലി വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് അതിനുള്ള പരിശീലനവും തുടങ്ങി. പി എസ് സിയുടെ നിരവധി റാങ്ക് ലിസ്‌റ്റുകളിൽ ഉൾപ്പെട്ട അനീത് 2016ൽ തൊഴിൽ വകുപ്പിൽ എൽ.ഡി ക്ളാർക്കായി ജോലിയിൽ പ്രവേശിച്ചു.

പുലർച്ചെ 4.30 മുതൽ തുടങ്ങുന്ന കഠിനപരിശീലനം

വളെര ബുദ്ധിമുട്ടിയും യാതനകൾ സഹിച്ചുമാണ് ജിമ്മിലെ വർക്കൗട്ട്. പ്രത്യേകിച്ച് മത്സരത്തിന്റെ നാളുകളിൽ. കാർഡിയോ അടക്കമുള്ള വർക്കൗട്ടുകളിൽ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. ആംപ്യൂട്ട് ചെയ‌്ത കാൽ ആയതിനാൽ ട്രെഡ് മില്ലിൽ അധികം നടക്കാൻ കഴിയില്ല. രണ്ടു ദിവസം നടക്കുമ്പോൾ തൊലിപൊട്ടാൻ തുടങ്ങും. തുടർന്ന് മരുന്ന് പുരട്ടി അത് ഭേദമായതിന് ശേഷം മാത്രമേ വർക്കൗട്ട് പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. കോമ്പറ്റീഷൻ സമയമാകുമ്പോൾ രാവിലെയും വൈകീട്ടുമായി വർക്കൗട്ട് ക്രമീകരിക്കും. ട്രെയിനറായ അനന്തുവിന്റെ മേൽനോട്ടത്തിലാണ് പരിശീലനം.

aneeth-

ഭാര്യ തന്നെയാണ് ശക്തി

പ്രണയത്തിന്റെ ആഴം എന്താണെന്ന് അനീതിന്റെ ജീവിതം കാണുന്ന ഏതൊരാൾക്കും മനസിലാകും. പ്ളസ്‌ടു പഠനകാലം മുതൽ പ്രണയിച്ച പെൺകുട്ടി തന്നെയാണ് അപകടമുണ്ടായപ്പോഴും തുടർന്നുള്ള ജീവിതത്തിലും അനീതിന് താങ്ങും തണലുമായി ഒപ്പമുള്ളത്. എംപ്ളോയിന്റ്മെന്റ് എക്‌സ്‌ചേഞ്ചിൽ വച്ചായിരുന്നു അഞ്ജുവിനെ ആദ്യമായി അനീത് കാണുന്നത്. ആദ്യ കാഴ്‌ചയിൽ തന്നെ അഞ്ജുവിനോട് പ്രണയം തോന്നുകയായിരുന്നു. പിന്നീട് ഒരു സുഹൃത്ത് മുഖാന്തിരം പ്രണയം അറിയിച്ചു. താൽപര്യമില്ല എന്നായിരുന്നു മറുപടി. വിസമ്മതം സമ്മതമാക്കാൻ രണ്ടുവർഷത്തോളമെടുത്തു.

അനീതിന്റെ ദൃഢനിശ്ചയം തന്നെയാണ് മിസ്‌റ്റർ ഇന്ത്യ പട്ടത്തിലേക്ക് എത്തിച്ചതെന്ന് അഞ്ജു പറയുന്നു. ''ആ മനസിനൊപ്പം നിൽക്കുക എന്നുള്ളത് മാത്രമാണ് ഞാൻ ചെയ്യുന്നത്. പരിചയപ്പെട്ട് അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് ആക്‌സിഡന്റ് സംഭവിച്ചത്. കേട്ടപ്പോൾ ഞെട്ടൽ തോന്നിയെങ്കിലും അദ്ദേഹത്തിന് ഒരു കാൽ നഷ്‌ടമായി എന്ന തോന്നൽ അന്നും ഇന്നും എനിക്കില്ല. അതൊരു കുറവായിട്ട് കാണുന്നുമില്ല. എല്ലാ പ്രതിസന്ധികളും മറികടന്ന് അദ്ദേഹം സ്വപ്‌നം കാണുന്ന നേട്ടങ്ങൾകീഴടക്കാൻ ഒപ്പം നിൽക്കുക എന്നത് മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ''- അഞ്ജുവിന്റെ വാക്കുകൾ.

ദേശീയ തലത്തിലടക്കമുള്ള ചാമ്പ്യൻഷിപ്പുകൾക്ക് തയ്യാറെടുക്കുമ്പോൾ കഠിനമായ ഡയറ്റ് നോക്കേണ്ടതുണ്ടായിരുന്നു. അതെല്ലാം കൃത്യസമയത്ത് ഒരുക്കി അനീതിനൊപ്പം അഞ്ജു നിന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിത്തിരക്കുകൾക്കിടയിലും വീട്ടുകാര്യങ്ങളുടെ ഭാരം അനീതിൽ നിന്നും ഏറ്റുവാങ്ങി കൈത്താങ്ങായി ഭാര്യ കൂടെ നിന്നതിന്റെ ഫലമാണ് മദ്ധ്യപ്രദേശിൽ തന്റെ വിജയം സാദ്ധ്യമാക്കിയതെന്ന് അനീത് പറയുന്നു.

aneeth-sivankutty

ഇനി ലക്ഷ്യം ഏഷ്യ, വേൾഡ് ടൈറ്റിലുകൾ

കേരളത്തിന് അഭിമാനമായ നേട്ടം കൈവരിച്ച അനീതിനെ സർക്കാർ ആദരിക്കുകയുണ്ടായി. തൊഴിൽ വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അനീതിനെ അനുമോദിച്ചു. ലേബർ കമ്മിഷണർ വാസുകിയുടെ പൂർണ പിന്തുണയും ഒപ്പമുണ്ട്. എന്നാൽ ഇനിയും ഒരുപാട് നേട്ടങ്ങൾ അനീതിനെ കാത്തിരിക്കുകയാണ്. മിസ്‌റ്റർ ഏഷ്യ, മിസ്‌റ്റർ വേൾഡ് പട്ടങ്ങൾ നേടുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ അടുത്ത ലക്ഷ്യങ്ങൾ. എന്നാൽ വളരെ സാമ്പത്തിക ചെലവുള്ള കാര്യമാണത്. ഒരു സ്പോൺസറെ കിട്ടിക്കഴിഞ്ഞാൽ തന്റെ ലക്ഷ്യം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അനീത്. അങ്ങനെയൊരാൾ വന്നാൽ ലോകത്തിന്റെ നെറുകയിൽ മലയാളിയുടെ പേര് വീണ്ടും ഉയർന്നു കേൾക്കും. അനീതിന്റെ കാര്യത്തിൽ ആ കേൾവിക്ക് പത്തരമാറ്റിന്റെ തിളക്കവുമുണ്ടാകും.

ആ സ്ത്രീയെ ഒരിക്കൽ കൂടി കാണണം

അപകടത്തിന് കാരണക്കാരിയായ സ്ത്രീ ഒരിക്കൽ പോലും തന്റെ വിവിരങ്ങൾ അന്വേഷിച്ചിട്ടില്ല. തനിക്ക് എന്ത് സംഭവിച്ചു എന്നുപോലും അവർ അന്വേഷിച്ചില്ല. എന്നാൽ അവരെ വീണ്ടും ഒരിക്കൽ കൂടി കാണണമെന്നുണ്ട് അനീത് പറയുന്നു. കുറ്റപ്പെടുത്താനല്ല, ജീവിതത്തിൽ താൻ തോറ്റു പോയിട്ടില്ല എന്ന് അറിയിക്കാൻ വേണ്ടി മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ANEETH, MR INDIA, BODY BULIDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.