മിക്കവാറും വീടുകളിലും ദോശ, ഇഡ്ഡലി, പുട്ട്, ഉപ്പുമാവ് ഒക്കെയായിരിക്കും രാവിലത്തെ പലഹാരം. എന്നാൽ വർഷങ്ങളായി ഇതൊക്കെ തന്നെ കഴിച്ച് മടുത്തവരാകും മിക്ക മലയാളികളും. അങ്ങനെ കഴിച്ചുമടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒരടിപ്പൊളി ദോശയുണ്ട്. ഉഴുന്ന് അരയ്ക്കേണ്ട, പച്ചരി മാത്രം മതി. ബൺ ദോശ ഉണ്ടാക്കി നോക്കിയാലോ?
ഇതിനായി ആദ്യം ഒന്നര കപ്പ് പച്ചരി നന്നായി കഴുകിയെടുക്കണം. ഇനി ഇതിലേയ്ക്ക് ഒരു സ്‌പൂൺ ഉലുവ ചേർത്തുകൊടുക്കാം. ഇത് വെള്ളമൊഴിച്ച് നന്നായി കുതിർന്ന് വരാൻ വയ്ക്കണം. അരി കുതിർന്നുകഴിയുമ്പോൾ അരിയും ഉലുവയും ഒരു ജാറിലിട്ടിട്ട് അര കപ്പ് അവൽ, അര മുറി തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം മാവ് എട്ടുമണിക്കൂർ പൊങ്ങി വരാൻ വയ്ക്കണം. ഇല്ലെങ്കിൽ ഈസ്റ്റ് അല്ലെങ്കിൽ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഉടനെതന്നെ ചുട്ടെടുക്കുകയും ചെയ്യാം.
ഇനി ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ എടുത്ത് ചൂടാക്കിയതിനുശേഷം ഇതിലേയ്ക്ക് കുറച്ച് കടുകിട്ട് പൊട്ടിച്ചെടുക്കണം. കടുക് പൊട്ടിയതിനുശേഷം ഒന്നര സ്‌പൂൺ ഉഴുന്ന് ചേർക്കണം. ഇതിലേയ്ക്ക് രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർക്കണം. എല്ലാം നന്നായി മൂത്ത് കഴിയുമ്പോൾ അരച്ചുവച്ചിരിക്കുന്ന മാവിലേയ്ക്ക് ഒഴിച്ചുകൊടുക്കണം. അടുത്തതായി മാവും മൂപ്പിച്ചതും കൂടി നന്നായി യോജിപ്പിച്ചെടുക്കണം.
ഇനി അപ്പച്ചട്ടിയിലോ ചീനച്ചട്ടിയിലോ മാവ് ഒഴിച്ച് ചെറുതീയിൽ ചുട്ടെടുക്കാം. പാകമായി വരുമ്പോൾ കുറച്ച് വെളിച്ചെണ്ണയോ നെയ്യോ പുരട്ടി ഇരുവശവും മറിയിച്ചിട്ട് വേവിക്കണം. ബൺ ദോശ റെഡി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |