ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ഫെഡറൽ ഘടന ശക്തമാക്കാനുള്ള നീക്കം നടത്താൻ തീരുമാനിച്ചതായി ഇന്നലെ നവീൻ നിവാസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റ് രാഷ്ട്രീയ ചർച്ചകളൊന്നും ഉണ്ടായില്ലെന്നും പറഞ്ഞു.
നവീൻ പട്നായിക്ക് പറഞ്ഞതിനെ പൂർണ്ണമായും പിന്തുണക്കുന്നെന്ന് മമത പറഞ്ഞു. അയൽ സംസ്ഥാനങ്ങൾ എന്ന നിലയിൽ നല്ലബന്ധമാണുള്ളത്. പുരിയിൽ പുതിയ ബംഗ്ലാ നിവാസിന് രണ്ട് ഏക്കർ ഭൂമി നൽകിയതിന് നവീൻ പട്നായിക്കിനോട് നന്ദിയും അറിയിച്ചു. ദേശീയ രാഷ്ട്രീയത്തെ കുറിച്ചോ മൂന്നാം മുന്നണി സംബന്ധിച്ചോ ചർച്ച നടന്നില്ല. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു എന്നു പറഞ്ഞ ഇരുവരും മറ്റ് കാര്യങ്ങൾ സംസാരിക്കാൻ തയ്യാറായില്ല.
മൂന്ന് ദിവസത്തെ ഒഡിഷ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് കൂടിക്കാഴ്ച നടന്നത്. പുരി ജഗന്നാഥന്റെ അംഗവസ്ത്രവും മൂന്ന് രഥങ്ങളുടെ ഒരു മാതൃകയും നവീൻ പട്നായിക്ക് മമതക്ക് സമ്മാനിച്ചു. ബിശ്വബംഗ്ല തയ്യാറാക്കിയ ഷാളാണ് മമത പട്നായിക്കിന് സമ്മാനിച്ചത്.
ഇന്ന് കുമാരസ്വാമിയുമായി ചർച്ച
സുപ്രധാന രാഷ്ട്രീയ നീക്കങ്ങളാണ് മമത നടത്തിവരുന്നത്. കോൺഗ്രസിനെ ഒഴിവാക്കി ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള മമതയുടെ നീക്കത്തിന് രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 17 ന് കൊൽക്കത്തയിൽ വച്ച് മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നവീനുമായുള്ള കൂടിക്കാഴ്ച. ഇന്ന് കൊൽക്കത്തയിൽ മുൻ കർണ്ണാടക മുഖ്യമന്ത്രിയും ജെ.ഡി(എസ്) നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തും. മാസാവസാനം ഡൽഹിയിൽ എ.എ.പി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെയും കാണുമെന്നും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |