കോട്ടയം : ക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷവും ഒന്നുമറിയാത്ത ഭാവത്തിലായിരുന്നു അരുൺ. വിഷമം നടിച്ച് നടക്കുകയും അറസ്റ്റ് വൈകിയപ്പോൾ ആക്ഷൻ കൗൺസിലിന് രൂപം കൊടുത്തതും അരുണായിരുന്നു. സംഭവം നടന്ന് ഇരുപതാം ദിവസം മാല മോഷണത്തിന് അറസ്റ്റിലാകും വരെ അരുണിനെ ആർക്കും സംശയമില്ലായിരുന്നു. ഇതിനോടകം സ്വർണം വിറ്റ് രണ്ട് ലക്ഷം രൂപ അരുൺ കൈക്കലാക്കിയിരുന്നു. പുതിയ കാറും, ഫോണും വാങ്ങി. പൊലീസിനൊപ്പം എല്ലാക്കാര്യങ്ങൾക്കും കൂടെ നിന്ന അരുൺ വീട്ടിലെ രക്തം കഴുകി വൃത്തിയാക്കാനുമുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വിഷണ്ണനായി പെരുമാറി. പൊലീസ് അന്യസംസ്ഥാന തൊഴിലാളികളേയും ചില ബന്ധുക്കളുടേയും സംശയിക്കുന്നുവെന്നറിഞ്ഞപ്പോൾ അരുണിന്റെയുള്ളിലെ ക്രിമിനൽ ഊറിച്ചിരിച്ചു. തന്റെ നേരെ സംശയത്തിന്റെ കണികപോലുമുണ്ടാവരുതെന്ന നിർബന്ധത്തിലാണ് ആക്ഷൻ കൗൺസിലിന് രൂപം കൊടുത്തത്. മെമ്പറേയും നാട്ടുകാരേയും കൂട്ടി ആക്ഷൻ കൗൺസിൽ സമര രംഗത്തേയ്ക്ക് പോയപ്പോഴേയ്ക്കും അരുൺ വലയിലായി. ദൃക്‌സാക്ഷികളില്ലാതെ തെളിവുകളുടെ കണികയില്ലാതെ ഒരിക്കലും താൻ പിടിക്കപ്പെടുകയില്ലെന്ന അരുണിന്റെ അമിത ആത്മവിശ്വാസമാണ് കോട്ടയം നഗരത്തിലെ മോഷണശ്രമത്തോടെ പൊളിഞ്ഞത്. വിറ്റ സ്വർണമെല്ലാം ഉരുക്കിയപ്പോഴും വെച്ചൂച്ചിറ ഭാഗത്തെ ഒരു ജുവലറിയിൽ കൊടുത്ത വള ഉരുക്കാതെ അതേ പടി തെളിവായി ലഭിച്ചു. തലേന്ന് സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞിരുന്ന അരുണിന് വീട്ടിലെ ബൾബിൽനിന്ന് ലഭിച്ച വിരലടയാളവും കുളിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയും കഴുമരത്തിലേയ്ക്ക് വഴിതെളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |