ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച നടത്തി. ബാങ്കിംഗ് രംഗത്തെ പ്രതികൂല സാഹചര്യങ്ങളും അപകടസാധ്യതകളും വിലയിരുത്താൻ ബാങ്ക് മേധാവികളോട് ധനമന്ത്രി ആവശ്യപ്പെട്ടു. സമ്മർദ്ദം നേരിടുന്ന മേഖലകളെ തിരിച്ചറിയണമെന്നും സാമ്പത്തിക ആഘാതം നേരിടുന്നതിൽനിന്ന് ആവശ്യമായ നടപടികൾ സ്വയം സ്വീകരിക്കണമെന്നും അവർ പറഞ്ഞു. എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളും പാലിച്ച് സുസ്ഥിരമാണെന്ന് ഉറപ്പുവരുത്തണം. ആഗോള സാമ്പത്തിക സമ്മർദ്ദത്തിനിടയിലും ഇന്ത്യൻ ബാങ്കുകൾ ആർ,ബി.ഐ റെഗുലേറ്ററി ചട്ടക്കൂടിന് അനുസൃതമായി പ്രവർത്തിക്കണമെന്നും ധനമന്ത്രി ഓർമിപ്പിച്ചു. ക്രെഡിറ്റ് സ്വീസ് ബാങ്ക് പ്രതിസന്ധി പോലുള്ള സംഭവവികാസങ്ങളിൽ ജാഗ്രത പാലിക്കാനും വിലയിരുത്തലും യോഗം ചർച്ച ചെയ്തെന്ന് റിപ്പോർട്ടുണ്ട്.
ആഗോള ബാങ്കിംഗ് മേഖലയിലെ സംഭവവികാസങ്ങളിൽ തങ്ങൾ ജാഗ്രത പുലർത്തുന്നുണ്ടെന്നും സാമ്പത്തിക ആഘാതത്തിൽനിന്ന് സ്വയം പരിരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പൊതുമേഖലാ ബാങ്ക് പ്രതിനിധികൾ ധനമന്ത്രിയെ അറിയിച്ചു.
യോഗത്തിന് മുന്നോടിയായി പബ്ലിക് സെക്ടർ ബാങ്കുകളുടെ ബോണ്ട് പോർട്ട്ഫോളിയോകളുടെ വിശദാംശങ്ങൾ സർക്കാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്രധനകാര്യ സഹമന്ത്രി ഭഗവത് കിഷൻ റാവു, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി വിവേക് ജോഷി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |