SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

എസ്.വി.ബിയെ ഫസ്റ്റ് സിറ്റിസൺ ബാങ്ക് ഏറ്റെടുക്കുന്നു

Increase Font Size Decrease Font Size Print Page
svb-fcb

കാലിഫോർണിയ: പ്രതിസന്ധിയിലായ സിലിക്കൺ വാലി ബാങ്കിനെ (എസ്.വി.ബി) അമേരിക്കയിലെ ഫസ്റ്റ് സിറ്റിസൺ ബാങ്ക് ഏറ്റെടുക്കുന്നു. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് കോ‌ർപ്പറേഷ(എഫ്.ഡി.ഐ.സി)​ നിൽനിന്ന് എസ്.വി.ബിയുടെ എല്ലാവിധ നിക്ഷേപങ്ങളും വായ്പകളും ഫസ്റ്റ് സിറ്റിസൺ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ എസ്.വി.ബിയുടെ നിക്ഷേപകർ ഫസ്റ്റ് സിറ്റിസൺസ് ബാങ്ക് ആൻഡ് ട്രസ്റ്റ് കമ്പനിയുടെയും നിക്ഷേപകരായി മാറും.

2023 മാർച്ച് 10-ലെ കണക്ക് പ്രകാരം എസ്.വി.ബിയ്ക്ക് ഏകദേശം 167 ബില്യൺ ഡോളർ ആസ്തിയും ഏകദേശം 119 ബില്യൺ ഡോളർ നിക്ഷേപവും ഉണ്ടായിരുന്നു. ഫസ്റ്റ് സിറ്റിസൺ ബാങ്കിനാകട്ടെ ഏകദേശം 109 ബില്യൺ ഡോളർ ആസ്തിയും മൊത്തം നിക്ഷേപം 89.4 ബില്യൺ ഡോളറുമാണ്. 16.5 ബില്യൺ ‌ഡോളർ കുറച്ചാണ് ആസ്തികൾ വാങ്ങുന്നത്. ഏകദേശം 90 ബില്യൺ ഡോളർ സെക്യൂരിറ്റികളും മറ്റ് ആസ്തികളും എഫ്ഡിഐസിയുടെ കൈവശം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഫെഡറൽ റിസർവ് ഡാറ്റ പ്രകാരം 2022 അവസാനത്തോടെ ആസ്തികളുടെ അടിസ്ഥാനത്തിൽ യുഎസിലെ 30-ാമത്തെ വലിയ വാണിജ്യ ബാങ്കാണ് ഫസ്റ്റ് സിറ്റിസൺസ്. യുഎസിലെ നോർത്ത് കരോലിനയിലെ റാലിയിൽ സ്ഥാപിതമായ ഒരു ബാങ്ക് ഹോൾഡിംഗ് കമ്പനിയാണ് ഇത്. കഴിഞ്ഞ രണ്ടാഴ്ചയായി സിലിക്കൺ വാലി ബാങ്കിനൊപ്പം എസ്‌.വി.ബി പ്രൈവറ്റ് വിൽക്കാൻ എഫ്‌.ഡി.ഐ.സി ശ്രമിച്ചിരുന്നുവെങ്കിലും അവ രണ്ടും ഒരുമിച്ച് വില്ക്കാനുള്ള കരാറിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

2008ൽ വാഷിംഗ്ടൺ മ്യൂച്വൽ തകർന്നശേഷം അമേരിക്കയിൽ പൂട്ടിപ്പോകുന്ന വലിയ ബാങ്കാണ് എസ്.വി.ബി. അമേരിക്കയിലെയും ഇന്ത്യയിലെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒട്ടേറെ ടെക് സ്റ്റാർട്ടപ്പുകൾ നിക്ഷേപത്തിന് ആശ്രയിച്ചിരുന്നത് എസ്.വി.ബിയെ ആയിരുന്നു.
ഇത്തരത്തിൽ ടെക് സ്റ്റാർട്ടപ്പുകളിൽ നിന്ന് ലഭിച്ച തുകയിൽ മുന്തിയപങ്കും അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് എസ്.വി.ബി ചെയ്തത്. എന്നാൽ, പരിധിവിട്ടുയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയതോടെ ഈ ബോണ്ടുകളുടെ വില കൂപ്പുകുത്തി. ബോണ്ടുകൾ കുറഞ്ഞവിലയിൽ വിറ്റഴിക്കേണ്ടി വന്നതിനാൽ കനത്ത നഷ്ടവും ബാങ്കിനുണ്ടായി. ബാങ്കിന്റെ സമ്പദ്സ്ഥിതിയിൽ ആശങ്കപ്പെട്ട സ്റ്റാർട്ടപ്പുകൾ നിക്ഷേപം വൻതോതിൽ പിൻവലിച്ച് തുടങ്ങിയതോടെ ബാങ്ക് തകരുകയായിരുന്നു. എസ്.വി.ബിയുടെ ചുവടുപിടിച്ച് ന്യൂയോർക്ക് ആസ്ഥാനമായ സിഗ്നേചർ ബാങ്കും കാലിഫോർണിയ ആസ്ഥാനമായുള്ള സിൽവർഗേറ്റ് കാപ്പിറ്റൽ ബാങ്കും പൂട്ടിപ്പോയിരുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY