തിരുവനന്തപുരം: ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി. സി പി എം പ്രവർത്തകനായ അൻവർഷാ പാലോടാണ് പരാതി നൽകിയത്. സ്‌ത്രീകളെയാകെ അപമാനിച്ചുള്ള ബി ജെ പി നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, സുരേന്ദ്രൻ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂരിൽ ബിജെപിയുടെ സ്‌ത്രീശാക്തികരണ സമ്മേളത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. 'സ്‌ത്രീശാക്തികരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. ഈ പ്രസ്താവനയിൽ സി പി എം നേതാക്കളും കോൺഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സഭ്യേതരമായ പരാമർശമാണ് സി പി എമ്മിലെ വനിതാ നേതാക്കൾക്കെതിരെ കെ സുരേന്ദ്രൻ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഒരു രാഷ്‌ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്‌ത്രീകളെ അധിക്ഷേപിച്ചത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഒരു സി പി എം നേതാവ് പോലും രംഗത്ത് വന്നില്ല. സുരേന്ദ്രനെതിരെ സി പി എം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പൊലീസിൽ പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
വി ഡി സതീശന്റെ വിമർശനങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആദ്യം പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പൊലീസിന് കൈമാറണമെന്ന് പി സുധീർ വിമർശിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസുകൊടുക്കുമെന്ന സതീശന്റെ പ്രസ്താവന സിപിഎമ്മിന്റെ പ്രീതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് വിഡി സതീശൻ കാണിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇത്രയും തരംതാണ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. കെ.സുരേന്ദ്രൻ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്. കേരളത്തിലെ ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുറന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീകൾക്കെതിരായ ഒരു പാരാമർശവും അതിലില്ലാത്തതു കൊണ്ടാണ് സിപിഎം പ്രതികരിക്കാത്തത്. എന്നാൽ രാഹുൽഗാന്ധി വിഷയത്തിൽ തങ്ങളെ സഹായിച്ച സിപിഎമ്മിനെ തിരിച്ചു സഹായിക്കാനുള്ള വെപ്രാളമാണ് സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിപിഎമ്മിന്റെ അച്ചാരം വാങ്ങി ബിജെപിക്കെതിരെ എന്തും പറയാമെന്ന് വിഡി സതീശൻ വിചാരിക്കരുതെന്നും പി സുധീർ പറഞ്ഞു.
സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡീയയിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്ത വ്യക്തിയാണ് വിഡി സതീശൻ എന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം ബിജെപിയെ സ്ത്രീവിരുദ്ധത പഠിപ്പിക്കാൻ വരണ്ട. സ്വാഭാവിക നീതി കിട്ടാത്തതിന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് സതീശൻ ഓർക്കണം. പല രഹസ്യ ഇടപാടുകളിൽ നിന്നും പിണറായി വിജയൻ രക്ഷിച്ചതിലുള്ള പ്രത്യുപകാരമാണ് സതീശൻ തിരിച്ചു ചെയ്യുന്നതെന്നും പി സുധീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |