തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗവുമായി ബന്ധപ്പെട്ട്
അഴിമതി, സ്വജനപക്ഷപാതം, ഇഷ്ടമുള്ളവർക്ക് ഉപകാരം ചെയ്യൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ലോകായുക്തയിൽ നൽകിയ ഹർജിയിലെ ഒന്നാം എതിർകക്ഷി ചീഫ്സെക്രട്ടറിയാണ്. രണ്ടാം എതിർകക്ഷി മുഖ്യമന്ത്രി പിണറായി വിജയനും, 3 മുതൽ 18വരെ എതിർകക്ഷികൾ കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുമാണ്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുടെ കാലാവധി കഴിഞ്ഞതിനാൽ, അധികാര സ്ഥാനത്തുള്ള മുഖ്യമന്ത്രിക്ക് മാത്രമാണ് ലോകായുക്ത ഉത്തരവ് ബാധകമാവുക.
ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരം, മുൻ മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി പദവിയിൽ തുടരുന്നതിന് അയോഗ്യനായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ആർ.എസ്.ശശികുമാർ 2018 സെപ്തംബറിൽ നൽകിയ ഹർജി, അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് അദ്ധ്യക്ഷനായ ഫുൾ ബെഞ്ച് വിശദമായ വാദം കേട്ട ശേഷമാണ് ഫയലിൽ സ്വീകരിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു 2019 ജനുവരി 14ന് ഫുൾ ബെഞ്ചിന്റെ ഉത്തരവ്.
മന്ത്രിസഭയുടെ തീരുമാനം അന്വേഷിക്കാമോ എന്നതടക്കം അന്ന് പരിശോധിച്ചതാണ്. മൂന്നു വർഷം പിന്നെ അനങ്ങിയില്ല. 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിശദവാദം നടത്തിയ ശേഷമാണ് കേസ് ഉത്തരവിനായി മാറ്റിയത്. ഒരു വർഷം കഴിഞ്ഞിട്ടും അനക്കമില്ലാത്തതിനാൽ കഴിഞ്ഞ 20ന് ശശികുമാർ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ലോകായുക്ത ഉത്തരവിറക്കിയത്.
കേസിൽ അന്വേഷണമാവാമെന്ന നേരത്തെയുള്ള ലോകായുക്ത ഫുൾ ബെഞ്ച് ഉത്തരവിനെതിരാണ് ഇപ്പോഴത്തെ ഉത്തരവ്. കേസ് നിലനിൽക്കുന്നതാണോയെന്ന് സംശയമുണ്ടായിരുന്നെങ്കിൽ, വാദം കേട്ട ശേഷം വിധി പറയാൻ ഒരു വർഷത്തിലേറെ സമയമെടുത്തത് ദുരൂഹമാണെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. അടുത്ത വർഷം ഏപ്രിലിൽ നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഔദ്യോഗിക കാലാവധി കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |