വനംവകുപ്പിന്റെ കേസിൽ ഉചിതമായ നടപടി
തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ ആരോപണ വിധേയനായ റാപ്പ് ഗായകൻ വേടന് സർക്കാർ വേദികൾ നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. വേടനെതിരെ വനം വകുപ്പെടുത്ത കേസ് പിൻവലിക്കണമെന്നും വേടന്റെ മാതാവിനെ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പരാമർശത്തിലൂടെ വംശീയ അധിക്ഷേപം നടത്തിയ കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സെക്രട്ടറി ഡോ.വിനീത വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയത്.
'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന വേടന്റെ പാട്ടിലെ വരികളെ 'കഞ്ചാവ് തുന്നിയിട്ട കുപ്പായ'മെന്ന് അപഹസിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കേസിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇക്കാര്യത്തിൽ വനംവകുപ്പിനെ ന്യായീകരിക്കില്ലെന്നും വേടനെ തള്ളിക്കളയില്ലെന്നും മുഖ്യമന്ത്രി ദളിത് നേതാക്കളോട് പറഞ്ഞു.
വേടനെ കാണാനൊരുങ്ങി മുഖ്യമന്ത്രി
പൊള്ളുന്ന വരികളിലൂടെ യുവാക്കളുടെ ഹരമായ വേടനെന്ന ഹിരൺദാസ് മുരളിയെ നേരിട്ടുകാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി. കേരള ദളിത് ഫെഡറേഷൻ നേതാക്കളോടാണ് ഇതേക്കുറിച്ച് പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വേടനെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ പി.ബി യോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നശേഷം ഇതിന് അവസരമൊരുക്കും. മിക്കവാറും തൃശൂരിൽ നടക്കുന്ന സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുടെ വേളയിൽ കാണാനാണിട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |