SignIn
Kerala Kaumudi Online
Thursday, 19 September 2024 8.31 AM IST

പ്രശ്നപരിഹാരം നീണ്ടുപോകരുത്

Increase Font Size Decrease Font Size Print Page

photo

വന്യമൃഗങ്ങളുടെ ശല്യം സംബന്ധിച്ച വാർത്തകൾക്ക് കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്. ജനസംഖ്യ കൂടുകയും വനവിസ്‌തൃതി കുറയുകയും ചെയ്തപ്പോൾ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങൾ പലതും അപഹരിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. മനുഷ്യർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തേക്ക് വന്യമൃഗങ്ങൾ കടന്നുവരാൻ മടിക്കുമെങ്കിലും കാട്ടിൽ അവർക്ക് വേണ്ടത്ര ആഹാരം ലഭ്യമല്ലാതാകുന്ന വേളയിൽ അവർ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളിലേക്ക് കടക്കും. അതോടെ വനാതിർത്തികളിലെ ജീവിതം വഴിമുട്ടുന്ന സാഹചര്യങ്ങൾ ഉണ്ടായിവരും. ഇത് ഒരു ദിവസം കൊണ്ട് പരിഹരിക്കാനാവുന്ന വിഷയമല്ല. അതേസമയം ഭാവനാപൂർണമായ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്താൽ ഈ പ്രശ്നം വലിയ അളവ് വരെ പരിഹരിക്കാനാവും.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതിനായി ധാരാളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും അതിലധികവും പാഴായിപ്പോവുകയാണ്. സ്ഥിരമായി പ്രശ്നമുണ്ടാകുന്നയിടങ്ങളിൽ വേലികെട്ടി തിരിക്കുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമം പലപ്പോഴും വനംവകുപ്പിന്റെയും മറ്റും ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണം സംഭവിക്കുമ്പോൾ മാത്രമാണ് എല്ലാവരും രംഗത്തിറങ്ങുന്നത്. ഈ രീതിയ്ക്കാണ് പ്രധാനമായും മാറ്റം വരേണ്ടത്. വനത്തിലെ ഈറ്റക്കാടുകൾ സംരക്ഷിക്കപ്പെടുകയും പുതിയവ വളർത്താനുള്ള നടപടികൾ ഉണ്ടാവുകയും ചെയ്താൽ കാട്ടാനകളുടെ നാട്ടിലേക്കുള്ള കടന്നുവരവ് വലിയൊരു പരിധിവരെ തടയാം. വനാതിർത്തിയിൽ വർഷങ്ങളായി താമസിക്കുന്നവരെ മൊത്തം കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായി നടപ്പാക്കാനാവുന്നതല്ല. ഇടുക്കിയിലെ ചിന്നക്കനാലിൽ ജനവാസ മേഖലയിൽ വലിയ ഭീഷണിയായി മാറിയ അരിക്കൊമ്പൻ എന്ന ആനയെ തത്‌കാലം മയക്കുവെടിവച്ച് തളയ്ക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. അരിക്കൊമ്പനെ തളച്ചാൽ പ്രശ്‌നം താത്‌‌കാലികമായി പരിഹരിക്കപ്പെടുമെങ്കിലും അധികം താമസിയാതെ മറ്റൊരാന ജനവാസമേഖലയിലേക്ക് ഇറങ്ങിവരാം. അതിനാൽ പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നതിലാണ് ഹൈക്കോടതി കൂടുതൽ ഉൗന്നൽ നല്‌കുന്നത്. അതിനായി ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വനംവകുപ്പിനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനാൽ കോടതിയുടെ ഉദ്ദേശ്യശുദ്ധിയെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതേസമയം ചിന്നക്കനാലിലെ 301 കോളനിയിലുള്ളവരുടെ ഭീതി അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുമാണ്.

പ്രശ്നത്തിൽ ഉപദേശം നല്‌കാനായി കോടതി അഞ്ചംഗ വിദഗ്ദ്ധസമിതി രൂപീകരിച്ചിരിക്കുകയാണ്. ഈ സമിതി സമയം നീട്ടാതെ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറാകണം. അരിക്കൊമ്പൻ 18 വർഷത്തിനിടെ 180 കെട്ടിടങ്ങൾ തകർത്തതായും പ്രദേശത്തെ രണ്ട് റേഷൻകടകൾ മുപ്പതോളം തവണ ആക്രമിച്ചതായും പറയുന്നു. ദേവികുളം റേഞ്ചിൽ മാത്രം 44 ജീവനുകളാണ് കാട്ടാന ആക്രമണത്തിൽ നഷ്ടമായത്. അതിനാൽ സർക്കാരാണ് ബദൽ നിർദ്ദേശങ്ങൾ സമർപ്പിച്ച് കോടതിയിൽനിന്ന് അംഗീകാരം നേടി ജനങ്ങളെ ഭീതിയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടികൾ എടുക്കേണ്ടത്. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങൾക്കും തുല്യനീതി ലഭിക്കേണ്ടത് അനിവാര്യമാണ്. വഴിമുട്ടിയതിന്റെ പേരിൽ നടക്കുന്ന ചിന്നക്കനാലിന്റെ പ്രതിഷേധം പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. അതിനാൽ പ്രശ്നപരിഹാരം ഒരു കാരണവശാലും നീണ്ടുപോകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MISSION ARIKOMBAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.