തിരുവനന്തപുരം: വിലക്കയറ്റവും വർദ്ധിക്കുന്ന ഗതാഗതചെലവും ജനജീവിതം ദുഃസ്സഹമാക്കുമെങ്കിലും പെട്രോൾ,ഡീസൽ വിലയിൽ രണ്ടുരൂപ കൂട്ടിയതിലൂടെ 1100കോടിയോളം രൂപ ഖജനാവിലെത്തും. പ്രതിവർഷം 540കോടി ലിറ്റർ ഡീസലും പെട്രോളുമാണ് സംസ്ഥാനത്ത് ചെലവാകുന്നത്. ഇന്ധനസെസിലൂടെ 750കോടിരൂപ ലഭിക്കുമെന്നാണ് ബഡ്ജറ്റിൽ പറഞ്ഞിരുന്നത്.
വായ്പയിലും മറ്റ് ധനസഹായങ്ങളിലും കേന്ദ്രസർക്കാർ വഴങ്ങാത്ത സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ വേറെ വഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
നികുതി,നികുതിയേതര വരുമാനം കൂട്ടുക,ആഭ്യന്തരകടമെടുപ്പ് വർദ്ധിപ്പിക്കുക തുടങ്ങിയവയിലൂടെ ക പ്രതിസന്ധി മറികടക്കാനാണ് ശ്രമം.ഇതിന് പുറമെ ജി.എസ്.ഡി.പിയുടെ 3.5% പൊതുവായ്പയും ലഭിക്കുന്നതോടെ അടുത്തവർഷം പിടിച്ചുനിൽക്കാനാകും.പത്തുലക്ഷം കോടിരൂപയാണ് ജി.എസ്.ഡി.പി.അതിലൂടെ 38000കോടിയോളം രൂപയുടെ വായ്പ ലഭിച്ചേക്കും. കൂടാതെ റെവന്യുഡെഫിസിറ്റ് ഗ്രാൻഡ് 9500കോടിയും കേന്ദ്രനികുതി വിഹിതത്തിൽ കാര്യമായ വർദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്.നികുതി വരുമാനത്തിൽ നല്ല വളർച്ചയുണ്ട്. ഈ വർഷം 70000കോടിയിലേറെയാണ് നികുതിവരുമാനം.കഴിഞ്ഞ വർഷം 56000കോടിയായിരുന്നു. ജി.എസ്.ടി.സംവിധാനം പുനഃസംഘടിപ്പിച്ചതിലൂടെ കൂടുതൽ വരുമാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.ഭൂമിയുടെ ന്യായവില 20%വർദ്ധിപ്പിച്ചതും സ്റ്റാമ്പ് ഡ്യൂട്ടി,വൈദ്യുതി തീരുവ, മറ്റ് സർവീസ് ചാർജ്ജുകൾ എന്നിവ കൂട്ടിയതും മദ്യത്തിന് മേൽ അധിക സെസ് ഏർപ്പെടുത്തിയതും 2000കോടിയോളം രൂപയുടെ അധികവരുമാനം നൽകുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |