ന്യൂഡൽഹി: എണ്ണ ഉത്പാദനം കുത്തനെ വെട്ടിക്കുറയ്ക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു. ഇതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം. ഉത്പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്ന് ബാരലിന് 84 ഡോളറിന് മുകളിലെത്തി. സൗദി അറേബ്യ,ഇറാഖ്, യു.എ.ഇ, കുവൈറ്റ്, അൾജീരിയ, ഒമാൻ, റഷ്യ, എന്നീ രാജ്യങ്ങൾ എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒപെക്സ് പ്ലസ്
അസംസ്കൃത എണ്ണയുടെ വിലസ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞ് ഒക്ടേബറിൽ എണ്ണ ഉത്പാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ്, ഇതര രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 23 എണ്ണ സമ്പന്ന രാജ്യങ്ങളും റഷ്യ പോലുള്ള അവരുടെ 10 പങ്കാളി രാജ്യങ്ങളും അടങ്ങുന്ന ഒരു കൺസോർഷ്യമാണ് ഒപെക് പ്ലസ്. ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണ ഉത്പാദനത്തിന്റെ 40 ശതമാനം ഒപെക് ഗ്രൂപ്പിന്റെ സംഭാവനയാണ്. ക്രൂഡ് ഓയിൽ വിപണയിലെ സ്ഥിതി വിലയിരുത്താൻ സംയുക്ത മന്ത്രിതല മേൽനോട്ട സമിതിയുടെ യോഗം ഒപെക്സ് പ്ലസ് രാജ്യങ്ങൾ വൈകാതെ ചേരും. അതേസമയം ഊർജ്ജ വില കുറയ്ക്കുന്നതിന് ഉത്ദപാനം വർദ്ധിപ്പിക്കാൻ നിർമ്മാതാക്കളോട് യു.എസ് ആവശ്യപെട്ടിട്ടുണ്ട്.
ഇന്ത്യയ്ക്ക് തിരിച്ചടി
കഴിഞ്ഞ വർഷം ഊർജ, ഇന്ധന വിലകൾ ഉയർന്നതോടുകൂടി പണപ്പെരുപ്പം രൂക്ഷമായിരുന്നു. എണ്ണവില കുതിച്ചുയരുന്നത് പണപ്പെരുപ്പം കുറയ്ക്കാനുള്ള ഇന്ത്യയുടെ പോരാട്ടം കൂടുതൽ കഠിനമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എണ്ണ ഇറക്കുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയും ആശ്രയിക്കുന്നു.
പ്രതിദിന ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവ്
സൗദി- 5ലക്ഷം ബാരൽ
ഇറാഖ് - 2,11,000 ബാരൽ
യു.എ.ഇ- 1,44,000 ബാരൽ
കുവൈത്ത്- 1,28,000 ബാരൽ
റഷ്യ- 50,000 ബാരൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |