ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ കുടുംബാധിപത്യം വികസനത്തെ തടസപ്പെടുത്തുന്നുവെന്നും തെലങ്കാന ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് അകലം പാലിക്കണമെന്നും മോദി മുന്നറിയിപ്പ് നൽകി. തെലങ്കാനയിൽ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ അഴിമതികൾ പുറത്ത് വരാതിരിക്കാൻ കോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് കോടതിയിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന മറുപടിയാണ്. ചിലർക്ക് അവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാത്രമാണ് താത്പര്യം. കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്നവർ സംസ്ഥാനത്തിന്റെ വികസനത്തിന് വിലങ്ങുതടിയാണ്. എല്ലാം സ്വന്തം നിയന്ത്രണത്തിലായിരിക്കണമെന്ന് അവർ കരുതുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. തെലങ്കാന ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് അകലം പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സബ്സിഡികൾ അർഹരായവരുടെ കൈകളിൽ നേരിട്ടെത്തിക്കുന്നത് എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ നടപടിയാണ്. ഈ പണം മുഴുവൻ കുടുംബാധിപത്യ ശക്തികളുടെ ഭരണകാലത്ത് അവർ വിഴുങ്ങി. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് തെലങ്കാനയിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ബഹിഷ്‌കരിച്ചു. സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും 11,300 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും ചെയ്തു. എയിംസ്, അഞ്ച് ദേശീയ പാതകൾ, സെക്കന്തരബാദ് റെയിൽവെ സ്റ്റേഷൻ വികസനം എന്നിവയാണ് പ്രധാന പദ്ധതികൾ.
ചെന്നൈയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം,ചെന്നെ - കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് എന്നിവ നാടിന് സമർപ്പിച്ചു.
തിരുപ്പതിയിലേക്ക് വന്ദേ ഭാരത്
സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബീബി നഗർ, ഗുണ്ടൂർ വഴിയാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ്. ഇതോടെ, തിരുമല സന്ദർശിക്കുന്ന ആയിരക്കണക്കിന് ഭക്തർക്ക് യാത്ര എളുപ്പമാകും.
സാധാരണ തിരുപ്പതിയിലേക്ക് 12 മണിക്കൂർ വരെയാണ് യാത്രാ സമയം. വന്ദേഭാരത് വരുന്നതോടെ ഇത് ഒമ്പത് മണിക്കൂറിന് താഴെയാവും. 110 കിലോമീറ്ററാണ് വന്ദേഭാരതിന്റെ വേഗത. നിലവിൽ, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് ലിംഗംപള്ളി- തിരുപ്പതി നാരായണാദ്രി എക്‌സ്‌പ്രസ് എന്നിവയാണ് ഗുണ്ടൂർ വഴി തിരുപ്പതിയിലേക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |