ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നോട്ടു കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിൽ പാർലമെന്റിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ട്.
145 എം.പിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കും, 63 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനും കൈമാറി.
ഭരണഘടനാപരമായ പ്രകിയയാണെന്നും, നടപടികൾ ഉടൻ തുടങ്ങണമെന്ന് സ്‌പീക്കറോട് അഭ്യർത്ഥിച്ചതായും ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. ഇരു സഭാനാഥന്മാരും അംഗീകരിക്കുന്നതോടെ, നോട്ടീസിലെ ആരോപണങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിലെയും,, ഡൽഹി ഹൈക്കോടതിയിലെയും ഓരോ ജഡ്‌ജിയും, ഒരു പ്രമുഖ നിയമജ്ഞനും സമിതി അംഗങ്ങളായേക്കും. ആരോപണം ശരിയെന്ന് കണ്ടെത്തി സമിതി റിപ്പോർട്ട് നൽകിയാൽ അത് പാർലമെന്റിൽ വയ്‌ക്കും. ഇംപീച്ച്മെന്റിന് സഭയിൽ ഹാജരുള്ള മൂന്നിൽ രണ്ടംഗങ്ങളുടെ വോട്ട് വേണം.
മലയാളി അഭിഭാഷകന് ശകാരം
ജി യശ്വന്ത് വർമ്മയെ,അഭിഭാഷകൻ 'വർമ്മ' എന്നു മാത്രം അഭിസംബോധന ചെയ്തതിൽ സുപ്രീംകോടതിക്ക് അതൃപ്തി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ ആവശ്യപ്പട്ടപ്പോഴാണിത്. വെറുതെയങ്ങ് വർമ്മയെന്ന് വിളിക്കാൻ അഭിഭാഷകന്റെ സുഹൃത്താണോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു. അലഹബാദ് ഹൈക്കോടതിയിലെ സിറ്രിംഗ് ജഡ്ജിയാണെന്നും ഓർമ്മപ്പെടുത്തി. ജഡ്ജിയെന്ന മഹത്വം അദ്ദേഹത്തിന് ബാധകമാണെന്ന് കരുതുന്നില്ലെന്ന് മലയാളി അഭിഭാഷകൻ പ്രതികരിച്ചു. ഹർജി ലിസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോടതിയോട് നിർദ്ദേശിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു. ലിസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നതിൽ നിലപാടും പറഞ്ഞില്ല. മാത്യൂസ് ജെ. നെടുമ്പാറ സമർപ്പിച്ച മൂന്നാമത്തെ ഹർജിയാണിത്. നേരത്തെ രണ്ട് ഹർജികളിലും സുപ്രീംകോടതി ഇടപെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |